Surah Ibrahim - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
الٓرۚ كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ لِتُخۡرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذۡنِ رَبِّهِمۡ إِلَىٰ صِرَٰطِ ٱلۡعَزِيزِ ٱلۡحَمِيدِ
അലിഫ് - ലാം - റാഅ്. ഇത് നാം നിനക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്
Surah Ibrahim, Verse 1
ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَوَيۡلٞ لِّلۡكَٰفِرِينَ مِنۡ عَذَابٖ شَدِيدٍ
ആകാശഭൂമികളിലുള്ളവയുടെയെല്ലാം ഉടമയായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്. സത്യനിഷേധികള്‍ക്ക് കഠിനശിക്ഷയുടെ കൊടും നാശമാണുണ്ടാവുക
Surah Ibrahim, Verse 2
ٱلَّذِينَ يَسۡتَحِبُّونَ ٱلۡحَيَوٰةَ ٱلدُّنۡيَا عَلَى ٱلۡأٓخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجًاۚ أُوْلَـٰٓئِكَ فِي ضَلَٰلِۭ بَعِيدٖ
പരലോകത്തെക്കാള്‍ ഇഹലോക ജീവിതത്തെ സ്നേഹിക്കുന്നവരാണവര്‍. ദൈവമാര്‍ഗത്തില്‍ നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുന്നവരും ദൈവമാര്‍ഗം വികലമാകണമെന്നാഗ്രഹിക്കുന്നവരുമാണ്. അവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു
Surah Ibrahim, Verse 3
وَمَآ أَرۡسَلۡنَا مِن رَّسُولٍ إِلَّا بِلِسَانِ قَوۡمِهِۦ لِيُبَيِّنَ لَهُمۡۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
നാം നിയോഗിച്ച ഒരു ദൂതന്നും തന്റെ ജനതയുടെ ഭാഷയിലല്ലാതെ സന്ദേശം നല്‍കിയിട്ടില്ല. അവര്‍ക്കത് വിവരിച്ചുകൊടുക്കാനാണ് അങ്ങനെ ചെയ്തത്. അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവന്‍ ഏറെ പ്രതാപിയും യുക്തിമാനും തന്നെ
Surah Ibrahim, Verse 4
وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَآ أَنۡ أَخۡرِجۡ قَوۡمَكَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَذَكِّرۡهُم بِأَيَّىٰمِ ٱللَّهِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ
മൂസയെ നാം നമ്മുടെ വചനങ്ങളുമായി അയച്ചു. നാം പറഞ്ഞു: നീ നിന്റെ ജനത്തെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു നയിക്കുക. അല്ലാഹുവിന്റെ സവിശേഷമായ നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുക. തികഞ്ഞ ക്ഷമയുള്ളവര്‍ക്കും നിറഞ്ഞ നന്ദിയുള്ളവര്‍ക്കും അതില്‍ നിരവധി തെളിവുകളുണ്ട്
Surah Ibrahim, Verse 5
وَإِذۡ قَالَ مُوسَىٰ لِقَوۡمِهِ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ أَنجَىٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ وَيُذَبِّحُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ
മൂസ തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം: "അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ച കാര്യം. അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയുമായിരുന്നു. നിങ്ങള്‍ക്കതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്
Surah Ibrahim, Verse 6
وَإِذۡ تَأَذَّنَ رَبُّكُمۡ لَئِن شَكَرۡتُمۡ لَأَزِيدَنَّكُمۡۖ وَلَئِن كَفَرۡتُمۡ إِنَّ عَذَابِي لَشَدِيدٞ
നിങ്ങളുടെ നാഥനിങ്ങനെ വിളംബരം ചെയ്ത സന്ദര്‍ഭം: “നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും; അഥവാ, നന്ദികേടു കാണിക്കുകയാണെങ്കില്‍ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും.”
Surah Ibrahim, Verse 7
وَقَالَ مُوسَىٰٓ إِن تَكۡفُرُوٓاْ أَنتُمۡ وَمَن فِي ٱلۡأَرۡضِ جَمِيعٗا فَإِنَّ ٱللَّهَ لَغَنِيٌّ حَمِيدٌ
മൂസ പറഞ്ഞു: "നിങ്ങളും ഭൂമിയിലുള്ളവരൊക്കെയും സത്യനിഷേധികളായാല്‍പ്പോലും അല്ലാഹു തീര്‍ത്തും സ്വയംപര്യാപ്തനാണ്. സ്തുത്യര്‍ഹനും.”
Surah Ibrahim, Verse 8
أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ مِن قَبۡلِكُمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَٱلَّذِينَ مِنۢ بَعۡدِهِمۡ لَا يَعۡلَمُهُمۡ إِلَّا ٱللَّهُۚ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَرَدُّوٓاْ أَيۡدِيَهُمۡ فِيٓ أَفۡوَٰهِهِمۡ وَقَالُوٓاْ إِنَّا كَفَرۡنَا بِمَآ أُرۡسِلۡتُم بِهِۦ وَإِنَّا لَفِي شَكّٖ مِّمَّا تَدۡعُونَنَآ إِلَيۡهِ مُرِيبٖ
നിങ്ങളുടെ മുന്‍ഗാമികളുടെ വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ; നൂഹിന്റെ ജനതയുടെയും ആദ്, സമൂദ് ഗോത്രങ്ങളുടെയും അവര്‍ക്കുശേഷമുള്ള, കൃത്യമായി അല്ലാഹുവിനു മാത്രമറിയാവുന്ന സമുദായങ്ങളുടെയും വാര്‍ത്ത. അവരിലേക്കുള്ള നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെയടുത്ത് ചെന്നു. അപ്പോഴവര്‍ കൈവിരലുകള്‍ തങ്ങളുടെ തന്നെ വായില്‍ തിരുകിക്കയറ്റി. എന്നിട്ടിങ്ങനെ പറഞ്ഞു: "ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത് അതിനെ ഞങ്ങളിതാ കള്ളമാക്കിത്തള്ളുന്നു. ഏതൊന്നിലേക്കാണോ ഞങ്ങളെ നിങ്ങള്‍ വിളിക്കുന്നത് അതേപ്പറ്റി ഞങ്ങള്‍ ആശങ്കാപൂര്‍ണമായ സംശയത്തിലാണ്.”
Surah Ibrahim, Verse 9
۞قَالَتۡ رُسُلُهُمۡ أَفِي ٱللَّهِ شَكّٞ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَدۡعُوكُمۡ لِيَغۡفِرَ لَكُم مِّن ذُنُوبِكُمۡ وَيُؤَخِّرَكُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۚ قَالُوٓاْ إِنۡ أَنتُمۡ إِلَّا بَشَرٞ مِّثۡلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتُونَا بِسُلۡطَٰنٖ مُّبِينٖ
അവര്‍ക്കുള്ള ദൈവദൂതന്മാര്‍ പറഞ്ഞു: "ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ കാര്യത്തിലാണോ നിങ്ങള്‍ക്കു സംശയം? അറിയുക: നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരാനും നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് അവസരം നീട്ടിത്തരാനുമായി അവന്‍ നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു.” ആ ജനം പറഞ്ഞു: "നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. ഞങ്ങളുടെ പിതാക്കള്‍ പൂജിച്ചിരുന്നവയില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ എന്തെങ്കിലും തെളിവ് കൊണ്ടുവരൂ.”
Surah Ibrahim, Verse 10
قَالَتۡ لَهُمۡ رُسُلُهُمۡ إِن نَّحۡنُ إِلَّا بَشَرٞ مِّثۡلُكُمۡ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ وَمَا كَانَ لَنَآ أَن نَّأۡتِيَكُم بِسُلۡطَٰنٍ إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ
അവര്‍ക്കുള്ള ദൈവദൂതന്മാര്‍ അവരോടു പറഞ്ഞു: "ഞങ്ങള്‍ നിങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. എന്നാല്‍ അല്ലാഹു തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. ദൈവഹിതമനുസരിച്ചല്ലാതെ നിങ്ങള്‍ക്ക് ഒരു തെളിവും കൊണ്ടുവന്നുതരാന്‍ ഞങ്ങള്‍ക്കാവില്ല. വിശ്വാസികള്‍ അല്ലാഹുവിലാണ് ഭരമേല്‍പിക്കേണ്ടത്
Surah Ibrahim, Verse 11
وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدۡ هَدَىٰنَا سُبُلَنَاۚ وَلَنَصۡبِرَنَّ عَلَىٰ مَآ ءَاذَيۡتُمُونَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُتَوَكِّلُونَ
ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം? ഞങ്ങളെ അവന്‍ ഞങ്ങള്‍ക്കാവശ്യമായ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്നവരൊക്കെയും അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.”
Surah Ibrahim, Verse 12
وَقَالَ ٱلَّذِينَ كَفَرُواْ لِرُسُلِهِمۡ لَنُخۡرِجَنَّكُم مِّنۡ أَرۡضِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۖ فَأَوۡحَىٰٓ إِلَيۡهِمۡ رَبُّهُمۡ لَنُهۡلِكَنَّ ٱلظَّـٰلِمِينَ
സത്യനിഷേധികള്‍ തങ്ങളുടെ ദൈവദൂതന്മാരോടു പറഞ്ഞു: "നിങ്ങളെ ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കുതന്നെ തിരിച്ചുവരണം.” അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്ക് ബോധനം നല്‍കി: "ഈ അക്രമികളെ നാം നശിപ്പിക്കുകതന്നെ ചെയ്യും
Surah Ibrahim, Verse 13
وَلَنُسۡكِنَنَّكُمُ ٱلۡأَرۡضَ مِنۢ بَعۡدِهِمۡۚ ذَٰلِكَ لِمَنۡ خَافَ مَقَامِي وَخَافَ وَعِيدِ
അവര്‍ക്കുശേഷം നിങ്ങളെ നാം ഈ നാട്ടില്‍ താമസിപ്പിക്കും. വിധിദിനത്തിലെ എന്റെ സ്ഥാനത്തെ ഭയപ്പെടുകയും എന്റെ താക്കീതിനെ പേടിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഔദാര്യമാണിത്.”
Surah Ibrahim, Verse 14
وَٱسۡتَفۡتَحُواْ وَخَابَ كُلُّ جَبَّارٍ عَنِيدٖ
ആ ദൈവദൂതന്മാര്‍ വിജയത്തിനായി പ്രാര്‍ഥിച്ചു. ധിക്കാരികളായ സ്വേഛാധിപതികളൊക്കെ തോറ്റമ്പി
Surah Ibrahim, Verse 15
مِّن وَرَآئِهِۦ جَهَنَّمُ وَيُسۡقَىٰ مِن مَّآءٖ صَدِيدٖ
ഇതിനു പിന്നാലെ കത്തിയെരിയുന്ന നരകത്തീയുണ്ട്. ചോരയും ചലവും ചേര്‍ന്ന നീരാണവിടെ കുടിക്കാന്‍ കിട്ടുക
Surah Ibrahim, Verse 16
يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأۡتِيهِ ٱلۡمَوۡتُ مِن كُلِّ مَكَانٖ وَمَا هُوَ بِمَيِّتٖۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٞ
അത് കുടിച്ചിറക്കാനവന്‍ ശ്രമിക്കും. എന്നാല്‍, വളരെ വിഷമിച്ചേ അവന്നത് തൊണ്ടയില്‍ നിന്നിറക്കാനാവൂ. നാനാഭാഗത്തുനിന്നും മരണം അവന്റെ നേരെ വരും. എന്നാലൊട്ടു മരിക്കുകയുമില്ല. ഇതിനുപിറകെ കഠിനമായ ശിക്ഷ വേറെയുമുണ്ട്
Surah Ibrahim, Verse 17
مَّثَلُ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ أَعۡمَٰلُهُمۡ كَرَمَادٍ ٱشۡتَدَّتۡ بِهِ ٱلرِّيحُ فِي يَوۡمٍ عَاصِفٖۖ لَّا يَقۡدِرُونَ مِمَّا كَسَبُواْ عَلَىٰ شَيۡءٖۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ
തങ്ങളുടെ നാഥനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്‍ഗഭ്രംശം
Surah Ibrahim, Verse 18
أَلَمۡ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِن يَشَأۡ يُذۡهِبۡكُمۡ وَيَأۡتِ بِخَلۡقٖ جَدِيدٖ
വളരെ കൃത്യതയോടെ അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് നീ കാണുന്നില്ലേ. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ തുടച്ചുമാറ്റി പകരം പുതിയ സൃഷ്ടികളെ അവന്‍ കൊണ്ടുവരും
Surah Ibrahim, Verse 19
وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٖ
അല്ലാഹുവിനിതൊട്ടും പ്രയാസകരമല്ല
Surah Ibrahim, Verse 20
وَبَرَزُواْ لِلَّهِ جَمِيعٗا فَقَالَ ٱلضُّعَفَـٰٓؤُاْ لِلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُنَّا لَكُمۡ تَبَعٗا فَهَلۡ أَنتُم مُّغۡنُونَ عَنَّا مِنۡ عَذَابِ ٱللَّهِ مِن شَيۡءٖۚ قَالُواْ لَوۡ هَدَىٰنَا ٱللَّهُ لَهَدَيۡنَٰكُمۡۖ سَوَآءٌ عَلَيۡنَآ أَجَزِعۡنَآ أَمۡ صَبَرۡنَا مَا لَنَا مِن مَّحِيصٖ
അവരെല്ലാവരും അല്ലാഹുവിങ്കല്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ ലോകത്ത് ദുര്‍ബലരായിരുന്നവര്‍, അഹങ്കരിച്ചുകഴിഞ്ഞിരുന്നവരോടു പറയും: "തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നുവല്ലോ. അതിനാലിപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ഞങ്ങള്‍ക്ക് എന്തെങ്കിലും ഇളവ് ഉണ്ടാക്കിത്തരുമോ?” അവര്‍ പറയും: "അല്ലാഹു ഞങ്ങള്‍ക്കു വല്ല രക്ഷാമാര്‍ഗവും കാണിച്ചുതന്നിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കും രക്ഷാമാര്‍ഗം കാണിച്ചുതരുമായിരുന്നു. ഇനി നാം വെപ്രാളപ്പെടുന്നതും ക്ഷമ പാലിക്കുന്നതും സമമാണ്. നമുക്കു രക്ഷപ്പെടാനൊരു പഴുതുമില്ല.”
Surah Ibrahim, Verse 21
وَقَالَ ٱلشَّيۡطَٰنُ لَمَّا قُضِيَ ٱلۡأَمۡرُ إِنَّ ٱللَّهَ وَعَدَكُمۡ وَعۡدَ ٱلۡحَقِّ وَوَعَدتُّكُمۡ فَأَخۡلَفۡتُكُمۡۖ وَمَا كَانَ لِيَ عَلَيۡكُم مِّن سُلۡطَٰنٍ إِلَّآ أَن دَعَوۡتُكُمۡ فَٱسۡتَجَبۡتُمۡ لِيۖ فَلَا تَلُومُونِي وَلُومُوٓاْ أَنفُسَكُمۖ مَّآ أَنَا۠ بِمُصۡرِخِكُمۡ وَمَآ أَنتُم بِمُصۡرِخِيَّ إِنِّي كَفَرۡتُ بِمَآ أَشۡرَكۡتُمُونِ مِن قَبۡلُۗ إِنَّ ٱلظَّـٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ
വിധി തീര്‍പ്പുണ്ടായിക്കഴിഞ്ഞാല്‍ പിശാച് പറയും: "അല്ലാഹു നിങ്ങള്‍ക്ക് സത്യമായ വാഗ്ദാനമാണ് നല്‍കിയത്. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഞാനത് ലംഘിച്ചു. എനിക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നുമാത്രം. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി. അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. എനിക്കു നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. നേരത്തെ നിങ്ങളെന്നെ അല്ലാഹുവിന് പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിക്കുന്നു.” തീര്‍ച്ചയായും അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്
Surah Ibrahim, Verse 22
وَأُدۡخِلَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا بِإِذۡنِ رَبِّهِمۡۖ تَحِيَّتُهُمۡ فِيهَا سَلَٰمٌ
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. തങ്ങളുടെ നാഥന്റെ ഹിതമനുസരിച്ച് അവരവിടെ നിത്യവാസികളായിരിക്കും. അവിടെയവരുടെഅഭിവാദ്യം സമാധാനത്തിന്റേതായിരിക്കും
Surah Ibrahim, Verse 23
أَلَمۡ تَرَ كَيۡفَ ضَرَبَ ٱللَّهُ مَثَلٗا كَلِمَةٗ طَيِّبَةٗ كَشَجَرَةٖ طَيِّبَةٍ أَصۡلُهَا ثَابِتٞ وَفَرۡعُهَا فِي ٱلسَّمَآءِ
ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു
Surah Ibrahim, Verse 24
تُؤۡتِيٓ أُكُلَهَا كُلَّ حِينِۭ بِإِذۡنِ رَبِّهَاۗ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ لِلنَّاسِ لَعَلَّهُمۡ يَتَذَكَّرُونَ
എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍
Surah Ibrahim, Verse 25
وَمَثَلُ كَلِمَةٍ خَبِيثَةٖ كَشَجَرَةٍ خَبِيثَةٍ ٱجۡتُثَّتۡ مِن فَوۡقِ ٱلۡأَرۡضِ مَا لَهَا مِن قَرَارٖ
ചീത്ത വചനത്തിന്റെ ഉപമ ഒരു ക്ഷുദ്ര വൃക്ഷത്തിന്റേതാണ്. ഭൂതലത്തില്‍ നിന്ന് അത് വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. അതിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ഒന്നുമില്ല
Surah Ibrahim, Verse 26
يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُواْ بِٱلۡقَوۡلِ ٱلثَّابِتِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَيُضِلُّ ٱللَّهُ ٱلظَّـٰلِمِينَۚ وَيَفۡعَلُ ٱللَّهُ مَا يَشَآءُ
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സുസ്ഥിരമായ വചനത്താല്‍ സ്ഥൈര്യം നല്‍കുന്നു; ഇഹലോകജീവിതത്തിലും പരലോകത്തും. അക്രമികളെ അല്ലാഹു വഴികേടിലാക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നതെന്തും ചെയ്യുന്നു
Surah Ibrahim, Verse 27
۞أَلَمۡ تَرَ إِلَى ٱلَّذِينَ بَدَّلُواْ نِعۡمَتَ ٱللَّهِ كُفۡرٗا وَأَحَلُّواْ قَوۡمَهُمۡ دَارَ ٱلۡبَوَارِ
അല്ലാഹുവിന്റെ അനുഗ്രഹത്തിനു നന്ദികാണിക്കാത്തവരെ നീ കണ്ടില്ലേ? അവര്‍ തങ്ങളുടെ ജനതയെ നാശത്തിന്റെ താവളത്തിലേക്ക് തള്ളിയിട്ടു
Surah Ibrahim, Verse 28
جَهَنَّمَ يَصۡلَوۡنَهَاۖ وَبِئۡسَ ٱلۡقَرَارُ
അഥവാ, നരകത്തിലേക്ക്. അവരതില്‍ കത്തിയെരിയും. അതെത്ര ചീത്ത താവളം
Surah Ibrahim, Verse 29
وَجَعَلُواْ لِلَّهِ أَندَادٗا لِّيُضِلُّواْ عَن سَبِيلِهِۦۗ قُلۡ تَمَتَّعُواْ فَإِنَّ مَصِيرَكُمۡ إِلَى ٱلنَّارِ
അവര്‍ അല്ലാഹുവിന് ചില സമന്മാരെ സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. അവന്റെ മാര്‍ഗത്തില്‍ നിന്ന്ജനത്തെ തെറ്റിക്കാന്‍. പറയുക: നിങ്ങള്‍ സുഖിച്ചോളൂ. തീര്‍ച്ചയായും നിങ്ങളുടെ മടക്കം നരകത്തീയിലേക്കാണ്
Surah Ibrahim, Verse 30
قُل لِّعِبَادِيَ ٱلَّذِينَ ءَامَنُواْ يُقِيمُواْ ٱلصَّلَوٰةَ وَيُنفِقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا بَيۡعٞ فِيهِ وَلَا خِلَٰلٌ
സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരോടു പറയുക: കൊള്ളക്കൊടുക്കകളും ചങ്ങാത്തവും നടക്കാത്തദിനം വന്നെത്തും മുമ്പെ അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കട്ടെ. നാമവര്‍ക്ക് നല്‍കിയതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യട്ടെ
Surah Ibrahim, Verse 31
ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ وَسَخَّرَ لَكُمُ ٱلۡفُلۡكَ لِتَجۡرِيَ فِي ٱلۡبَحۡرِ بِأَمۡرِهِۦۖ وَسَخَّرَ لَكُمُ ٱلۡأَنۡهَٰرَ
അല്ലാഹുവാണ് ആകാശഭൂമികളെ സൃഷ്ടിച്ചവന്‍. അവന്‍ മാനത്തുനിന്നു മഴ പെയ്യിച്ചു. അതുവഴി നിങ്ങള്‍ക്ക് ആഹരിക്കാന്‍ കായ്കനികള്‍ ഉല്‍പാദിപ്പിച്ചു. ദൈവനിശ്ചയപ്രകാരം സമുദ്രത്തില്‍ സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് അവന്‍ കപ്പലുകള്‍ അധീനപ്പെടുത്തിത്തന്നു. നദികളെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കി
Surah Ibrahim, Verse 32
وَسَخَّرَ لَكُمُ ٱلشَّمۡسَ وَٱلۡقَمَرَ دَآئِبَيۡنِۖ وَسَخَّرَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ
നിരന്തരം ചരിച്ചുകൊണ്ടിരിക്കുന്ന സൂര്യചന്ദ്രന്മാരെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നു. രാപ്പകലുകളെയും നിങ്ങള്‍ക്ക് വിധേയമാക്കി
Surah Ibrahim, Verse 33
وَءَاتَىٰكُم مِّن كُلِّ مَا سَأَلۡتُمُوهُۚ وَإِن تَعُدُّواْ نِعۡمَتَ ٱللَّهِ لَا تُحۡصُوهَآۗ إِنَّ ٱلۡإِنسَٰنَ لَظَلُومٞ كَفَّارٞ
നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ അവന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എണ്ണിക്കണക്കാക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ
Surah Ibrahim, Verse 34
وَإِذۡ قَالَ إِبۡرَٰهِيمُ رَبِّ ٱجۡعَلۡ هَٰذَا ٱلۡبَلَدَ ءَامِنٗا وَٱجۡنُبۡنِي وَبَنِيَّ أَن نَّعۡبُدَ ٱلۡأَصۡنَامَ
ഇബ്റാഹീം പറഞ്ഞ സന്ദര്‍ഭം: "എന്റെ നാഥാ! നീ ഈ നാടിനെ നിര്‍ഭയത്വമുള്ളതാക്കേണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹപൂജയില്‍ നിന്നകറ്റി നിര്‍ത്തേണമേ
Surah Ibrahim, Verse 35
رَبِّ إِنَّهُنَّ أَضۡلَلۡنَ كَثِيرٗا مِّنَ ٱلنَّاسِۖ فَمَن تَبِعَنِي فَإِنَّهُۥ مِنِّيۖ وَمَنۡ عَصَانِي فَإِنَّكَ غَفُورٞ رَّحِيمٞ
എന്റെ നാഥാ! ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, നാഥാ, നീ എറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.”
Surah Ibrahim, Verse 36
رَّبَّنَآ إِنِّيٓ أَسۡكَنتُ مِن ذُرِّيَّتِي بِوَادٍ غَيۡرِ ذِي زَرۡعٍ عِندَ بَيۡتِكَ ٱلۡمُحَرَّمِ رَبَّنَا لِيُقِيمُواْ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡـِٔدَةٗ مِّنَ ٱلنَّاسِ تَهۡوِيٓ إِلَيۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَشۡكُرُونَ
ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം
Surah Ibrahim, Verse 37
رَبَّنَآ إِنَّكَ تَعۡلَمُ مَا نُخۡفِي وَمَا نُعۡلِنُۗ وَمَا يَخۡفَىٰ عَلَى ٱللَّهِ مِن شَيۡءٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ
ഞങ്ങളുടെ നാഥാ! ഞങ്ങള്‍ മറച്ചുവെക്കുന്നതും തെളിയിച്ചുകാണിക്കുന്നതുമെല്ലാം നീയറിയുന്നു.” അല്ലാഹുവില്‍നിന്ന് മറഞ്ഞിരിക്കുന്നതായി ഒന്നുമില്ല- ഭൂമിയിലും ആകാശത്തും
Surah Ibrahim, Verse 38
ٱلۡحَمۡدُ لِلَّهِ ٱلَّذِي وَهَبَ لِي عَلَى ٱلۡكِبَرِ إِسۡمَٰعِيلَ وَإِسۡحَٰقَۚ إِنَّ رَبِّي لَسَمِيعُ ٱلدُّعَآءِ
വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്
Surah Ibrahim, Verse 39
رَبِّ ٱجۡعَلۡنِي مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلۡ دُعَآءِ
എന്റെ നാഥാ! എന്നെ നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ മക്കളില്‍ നിന്നും അത്തരക്കാരെ ഉണ്ടാക്കേണമേ; ഞങ്ങളുടെ നാഥാ! എന്റെ ഈ പ്രാര്‍ഥന നീ സ്വീകരിച്ചാലും
Surah Ibrahim, Verse 40
رَبَّنَا ٱغۡفِرۡ لِي وَلِوَٰلِدَيَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ
ഞങ്ങളുടെ നാഥാ! വിചാരണ നാളില്‍ നീ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും മുഴുവന്‍ സത്യവിശ്വാസികള്‍ക്കും മാപ്പേകണമേ.”
Surah Ibrahim, Verse 41
وَلَا تَحۡسَبَنَّ ٱللَّهَ غَٰفِلًا عَمَّا يَعۡمَلُ ٱلظَّـٰلِمُونَۚ إِنَّمَا يُؤَخِّرُهُمۡ لِيَوۡمٖ تَشۡخَصُ فِيهِ ٱلۡأَبۡصَٰرُ
അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങള്‍ കരുതരുത്. അവന്‍ അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു നാളിലേക്ക് പിന്തിച്ചിടുന്നുവെന്നേയുള്ളൂ
Surah Ibrahim, Verse 42
مُهۡطِعِينَ مُقۡنِعِي رُءُوسِهِمۡ لَا يَرۡتَدُّ إِلَيۡهِمۡ طَرۡفُهُمۡۖ وَأَفۡـِٔدَتُهُمۡ هَوَآءٞ
അന്ന് അവര്‍ പരിഭ്രാന്തരായി തലപൊക്കിപ്പിടിച്ച് പാഞ്ഞടുക്കും. അവരുടെ തുറിച്ച ദൃഷ്ടികള്‍ അവരിലേക്ക് മടങ്ങുകയില്ല. അവരുടെ ഹൃദയങ്ങള്‍ ശൂന്യമായിരിക്കും
Surah Ibrahim, Verse 43
وَأَنذِرِ ٱلنَّاسَ يَوۡمَ يَأۡتِيهِمُ ٱلۡعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُواْ رَبَّنَآ أَخِّرۡنَآ إِلَىٰٓ أَجَلٖ قَرِيبٖ نُّجِبۡ دَعۡوَتَكَ وَنَتَّبِعِ ٱلرُّسُلَۗ أَوَلَمۡ تَكُونُوٓاْ أَقۡسَمۡتُم مِّن قَبۡلُ مَا لَكُم مِّن زَوَالٖ
ജനത്തിനു ശിക്ഷ വന്നെത്തുന്ന ദിവസത്തെ സംബന്ധിച്ച് നീ അവരെ താക്കീതു ചെയ്യുക. അതിക്രമം പ്രവര്‍ത്തിച്ചവര്‍ അപ്പോള്‍ പറയും: "ഞങ്ങളുടെ നാഥാ! അടുത്ത ഒരവധിവരെ ഞങ്ങള്‍ക്കു നീ അവസരം നല്‍കേണമേ! എങ്കില്‍ നിന്റെ വിളിക്ക് ഞങ്ങളുത്തരം നല്‍കാം. നിന്റെ ദൂതന്മാരെ പിന്തുടരുകയും ചെയ്യാം.” അവര്‍ക്കുള്ള മറുപടി ഇതായിരിക്കും: "ഞങ്ങള്‍ക്കൊരു മാറ്റവുമുണ്ടാവുകയില്ലെന്ന് നേരത്തെ ആണയിട്ടു പറഞ്ഞിരുന്നില്ലേ നിങ്ങള്‍?”
Surah Ibrahim, Verse 44
وَسَكَنتُمۡ فِي مَسَٰكِنِ ٱلَّذِينَ ظَلَمُوٓاْ أَنفُسَهُمۡ وَتَبَيَّنَ لَكُمۡ كَيۡفَ فَعَلۡنَا بِهِمۡ وَضَرَبۡنَا لَكُمُ ٱلۡأَمۡثَالَ
തങ്ങളോടുതന്നെ അതിക്രമം കാണിച്ച ഒരു ജനവിഭാഗത്തിന്റെ പാര്‍പ്പിടങ്ങളിലാണല്ലോ നിങ്ങള്‍ താമസിച്ചിരുന്നത്. അവരെ നാമെന്തു ചെയ്തുവെന്ന് നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കു നാം വ്യക്തമായ ഉപമകള്‍ വഴി കാര്യം വിശദീകരിച്ചുതന്നിട്ടുമുണ്ട്
Surah Ibrahim, Verse 45
وَقَدۡ مَكَرُواْ مَكۡرَهُمۡ وَعِندَ ٱللَّهِ مَكۡرُهُمۡ وَإِن كَانَ مَكۡرُهُمۡ لِتَزُولَ مِنۡهُ ٱلۡجِبَالُ
അവര്‍ തങ്ങളുടെ കൌശലം പരമാവധി പ്രയോഗിച്ചു. എന്നാല്‍ അവര്‍ക്കെതിരിലുള്ള കൌശലം അല്ലാഹുവിങ്കലുണ്ട്; അവരുടെ കുതന്ത്രം പര്‍വതങ്ങളെ പിഴുതുമാറ്റാന്‍ പോന്നതാണെങ്കിലും
Surah Ibrahim, Verse 46
فَلَا تَحۡسَبَنَّ ٱللَّهَ مُخۡلِفَ وَعۡدِهِۦ رُسُلَهُۥٓۚ إِنَّ ٱللَّهَ عَزِيزٞ ذُو ٱنتِقَامٖ
അല്ലാഹു തന്റെ ദൂതന്മാര്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിക്കുമെന്ന് നീ ഒരിക്കലും കരുതരുത്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയാണ്. പ്രതികാരനടപടി സ്വീകരിക്കുന്നവനും
Surah Ibrahim, Verse 47
يَوۡمَ تُبَدَّلُ ٱلۡأَرۡضُ غَيۡرَ ٱلۡأَرۡضِ وَٱلسَّمَٰوَٰتُۖ وَبَرَزُواْ لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ
ഈ ഭൂമി ഒരുനാള്‍ ഭൂമിയല്ലാതായിത്തീരും. ആകാശങ്ങളും അവയല്ലാതായിമാറും. ഏകനും എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിന്റെ മുന്നില്‍ അവയെല്ലാം മറയില്ലാതെ പ്രത്യക്ഷപ്പെടും
Surah Ibrahim, Verse 48
وَتَرَى ٱلۡمُجۡرِمِينَ يَوۡمَئِذٖ مُّقَرَّنِينَ فِي ٱلۡأَصۡفَادِ
അന്ന് കുറ്റവാളികളെ നിനക്കു കാണാം. അവര്‍ ചങ്ങലകളില്‍ പരസ്പരം ബന്ധിക്കപ്പെട്ടവരായിരിക്കും
Surah Ibrahim, Verse 49
سَرَابِيلُهُم مِّن قَطِرَانٖ وَتَغۡشَىٰ وُجُوهَهُمُ ٱلنَّارُ
അവരുടെ കുപ്പായങ്ങള്‍ കട്ടിത്താറുകൊണ്ടുള്ളവയായിരിക്കും. തീനാളങ്ങള്‍ അവരുടെ മുഖങ്ങളെ പൊതിയും
Surah Ibrahim, Verse 50
لِيَجۡزِيَ ٱللَّهُ كُلَّ نَفۡسٖ مَّا كَسَبَتۡۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ
എല്ലാ ഓരോരുത്തര്‍ക്കും അവര്‍ സമ്പാദിച്ചതിന്റെ പ്രതിഫലം അല്ലാഹു നല്‍കാന്‍ വേണ്ടിയാണിത്. അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാണ്; തീര്‍ച്ച
Surah Ibrahim, Verse 51
هَٰذَا بَلَٰغٞ لِّلنَّاسِ وَلِيُنذَرُواْ بِهِۦ وَلِيَعۡلَمُوٓاْ أَنَّمَا هُوَ إِلَٰهٞ وَٰحِدٞ وَلِيَذَّكَّرَ أُوْلُواْ ٱلۡأَلۡبَٰبِ
ഇത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്. ഇതിലൂടെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍. അവന്‍ ഏകനായ ദൈവം മാത്രമാണെന്ന് അവരറിയാന്‍. വിചാരശാലികള്‍ ചിന്തിച്ചു മനസ്സിലാക്കാനും
Surah Ibrahim, Verse 52