UAE Prayer Times

  • Dubai
  • Abu Dhabi
  • Sharjah
  • Ajman
  • Fujairah
  • Umm Al Quwain
  • Ras Al Khaimah
  • Quran Translations

Surah Az-Zumar - Malayalam Translation by Muhammad Karakunnu And Vanidas Elayavoor


تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ

ഈ വേദപുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്നാണ്
Surah Az-Zumar, Verse 1


إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ

തീര്‍ച്ചയായും നിനക്കു നാം ഈ വേദപുസ്തകം ഇറക്കിത്തന്നത് സത്യസന്ദേശവുമായാണ്. അതിനാല്‍ കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കി അവന് വഴിപ്പെടുക
Surah Az-Zumar, Verse 2


أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ

അറിയുക: കളങ്കമറ്റ കീഴ്വണക്കം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അവനെക്കൂടാതെ മറ്റുള്ളവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നു: "ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ വണങ്ങുന്നത്." എന്നാല്‍ ഭിന്നാഭിപ്രായമുള്ള കാര്യത്തില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതാണ്. നിശ്ചയമായും നുണയനെയും നന്ദികെട്ടവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല
Surah Az-Zumar, Verse 3


لَّوۡ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدٗا لَّٱصۡطَفَىٰ مِمَّا يَخۡلُقُ مَا يَشَآءُۚ سُبۡحَٰنَهُۥۖ هُوَ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ

പുത്രനെ വരിക്കണമെന്ന് അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ തന്റെ സൃഷ്ടികളില്‍നിന്ന് താനിഷ്ടപ്പെടുന്നവരെ തെരഞ്ഞെടുക്കുമായിരുന്നു. എന്നാല്‍ അവനെത്ര പരിശുദ്ധന്‍. അവനാണ് അല്ലാഹു. ഏകന്‍; സകലാധിനാഥന്‍
Surah Az-Zumar, Verse 4


خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ يُكَوِّرُ ٱلَّيۡلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيۡلِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمًّىۗ أَلَا هُوَ ٱلۡعَزِيزُ ٱلۡغَفَّـٰرُ

ആകാശഭൂമികളെ അവന്‍ യാഥാര്‍ഥ്യത്തോടെയാണ് സൃഷ്ടിച്ചത്. അവന്‍ പകലിനെ രാവുകൊണ്ട് ചുറ്റിപ്പൊതിയുന്നു. രാവിനെ പകലുകൊണ്ടും ചുറ്റിപ്പൊതിയുന്നു. സൂര്യചന്ദ്രന്മാരെ അവന്‍ തന്റെ വരുതിയിലൊതുക്കിയിരിക്കുന്നു. അവയെല്ലാം നിശ്ചിത കാലപരിധിക്കകത്തു സഞ്ചരിക്കുന്നു. അറിയുക: അവന്‍ പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും
Surah Az-Zumar, Verse 5


خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ ثُمَّ جَعَلَ مِنۡهَا زَوۡجَهَا وَأَنزَلَ لَكُم مِّنَ ٱلۡأَنۡعَٰمِ ثَمَٰنِيَةَ أَزۡوَٰجٖۚ يَخۡلُقُكُمۡ فِي بُطُونِ أُمَّهَٰتِكُمۡ خَلۡقٗا مِّنۢ بَعۡدِ خَلۡقٖ فِي ظُلُمَٰتٖ ثَلَٰثٖۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۖ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُصۡرَفُونَ

ഒരൊറ്റ സത്തയില്‍നിന്ന് അവന്‍ നിങ്ങളെയെല്ലാം സൃഷ്ടിച്ചു. പിന്നെ അതില്‍നിന്ന് അതിന്റെ ഇണയെ ഉണ്ടാക്കി. നിങ്ങള്‍ക്കായി കന്നുകാലികളില്‍ നിന്ന് എട്ട് ജോടികളെയും അവനൊരുക്കിത്തന്നു. നിങ്ങളുടെ മാതാക്കളുടെ ഉദരത്തില്‍ അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു. മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ ഒന്നിനു പിറകെ ഒന്നായി; ഘട്ടംഘട്ടമായി നിങ്ങളെ അവന്‍ രൂപപ്പെടുത്തിയെടുക്കുന്നു. ഇതൊക്കെയും ചെയ്യുന്ന അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. ആധിപത്യം അവനു മാത്രമാണ്. അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്
Surah Az-Zumar, Verse 6


إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمۡۖ وَلَا يَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ يَرۡضَهُ لَكُمۡۗ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ

നിങ്ങള്‍ നന്ദികേട് കാട്ടുകയാണെങ്കില്‍, സംശയമില്ല; അല്ലാഹു നിങ്ങളുടെയൊന്നും ആശ്രയമാവശ്യമില്ലാത്തവനാണ്. എന്നാല്‍ തന്റെ ദാസന്മാരുടെ നന്ദികേട് അവനൊട്ടും ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ അതുകാരണം നിങ്ങളോടവന്‍ സംതൃപ്തനായിത്തീരും. സ്വന്തം പാപഭാരമല്ലാതെ ആരും അപരന്റെ ഭാരം ചുമക്കുകയില്ല. പിന്നീട് നിങ്ങളുടെ നാഥന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അപ്പോഴവന്‍ നിങ്ങളെ വിവരമറിയിക്കും. നെഞ്ചകങ്ങളിലുള്ളതൊക്കെയും നന്നായറിയുന്നവനാണവന്‍
Surah Az-Zumar, Verse 7


۞وَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَا رَبَّهُۥ مُنِيبًا إِلَيۡهِ ثُمَّ إِذَا خَوَّلَهُۥ نِعۡمَةٗ مِّنۡهُ نَسِيَ مَا كَانَ يَدۡعُوٓاْ إِلَيۡهِ مِن قَبۡلُ وَجَعَلَ لِلَّهِ أَندَادٗا لِّيُضِلَّ عَن سَبِيلِهِۦۚ قُلۡ تَمَتَّعۡ بِكُفۡرِكَ قَلِيلًا إِنَّكَ مِنۡ أَصۡحَٰبِ ٱلنَّارِ

മനുഷ്യന് വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ തന്റെ നാഥങ്കലേക്ക് താഴ്മയോടെ മടങ്ങി അവനോട് പ്രാര്‍ഥിക്കുന്നു. പിന്നീട് അല്ലാഹു തന്നില്‍നിന്നുള്ള അനുഗ്രഹം പ്രദാനം ചെയ്താല്‍ നേരത്തെ അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്ന കാര്യംതന്നെ അവന്‍ മറന്നുകളയുന്നു. ദൈവമാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കാനായി അവന്‍ അല്ലാഹുവിന് സമന്മാരെ സങ്കല്‍പിക്കുകയും ചെയ്യുന്നു. പറയുക: "അല്‍പകാലം നീ നിന്റെ സത്യനിഷേധവുമായി സുഖിച്ചുകൊള്ളുക. സംശയമില്ല; നീ നരകാവകാശികളില്‍ പെട്ടവന്‍ തന്നെ
Surah Az-Zumar, Verse 8


أَمَّنۡ هُوَ قَٰنِتٌ ءَانَآءَ ٱلَّيۡلِ سَاجِدٗا وَقَآئِمٗا يَحۡذَرُ ٱلۡأٓخِرَةَ وَيَرۡجُواْ رَحۡمَةَ رَبِّهِۦۗ قُلۡ هَلۡ يَسۡتَوِي ٱلَّذِينَ يَعۡلَمُونَ وَٱلَّذِينَ لَا يَعۡلَمُونَۗ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ

അവനെപ്പോലെയാണോ സാഷ്ടാംഗം പ്രണമിച്ചും നിന്ന് പ്രാര്‍ഥിച്ചും രാത്രി കീഴ്വണക്കത്തോടെ കഴിച്ചുകൂട്ടുന്നവന്‍. പരലോകത്തെ പേടിക്കുന്നവനാണിവന്‍. തന്റെ നാഥന്റെ കാരുണ്യം കൊതിക്കുന്നവനും. അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണോ? വിചാരശീലര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ
Surah Az-Zumar, Verse 9


قُلۡ يَٰعِبَادِ ٱلَّذِينَ ءَامَنُواْ ٱتَّقُواْ رَبَّكُمۡۚ لِلَّذِينَ أَحۡسَنُواْ فِي هَٰذِهِ ٱلدُّنۡيَا حَسَنَةٞۗ وَأَرۡضُ ٱللَّهِ وَٰسِعَةٌۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجۡرَهُم بِغَيۡرِ حِسَابٖ

പറയുക: "എന്റെ വിശ്വാസികളായ ദാസന്മാരേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തി പുലര്‍ത്തുക. ഈ ലോകത്ത് നന്മ ചെയ്തവര്‍ക്ക് മേന്മയുണ്ട്. അല്ലാഹുവിന്റെ ഭൂമി വളരെ വിശാലമാണ്. ക്ഷമ പാലിക്കുന്നവര്‍ക്കാണ് അവരുടെ പ്രതിഫലം കണക്കില്ലാതെ കിട്ടുക
Surah Az-Zumar, Verse 10


قُلۡ إِنِّيٓ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ

പറയുക: "കീഴ്വണക്കം അല്ലാഹുവിനു മാത്രമാക്കി അവനു വഴിപ്പെടണമെന്ന് എന്നോടവന്‍ കല്‍പിച്ചിരിക്കുന്നു
Surah Az-Zumar, Verse 11


وَأُمِرۡتُ لِأَنۡ أَكُونَ أَوَّلَ ٱلۡمُسۡلِمِينَ

മുസ്ലിംകളില്‍ ഒന്നാമനാകണമെന്നും എന്നോട് അവനാജ്ഞാപിച്ചിരിക്കുന്നു
Surah Az-Zumar, Verse 12


قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ

പറയുക: "ഞാനെന്റെ നാഥനെ ധിക്കരിക്കുകയാണെങ്കില്‍ ഭയങ്കരമായൊരു നാളിന്റെ ശിക്ഷയെ ഞാന്‍ ഭയപ്പെടുന്നു
Surah Az-Zumar, Verse 13


قُلِ ٱللَّهَ أَعۡبُدُ مُخۡلِصٗا لَّهُۥ دِينِي

പറയുക: "ഞാനെന്റെ കീഴ്വണക്കം അല്ലാഹുവിനു മാത്രമാക്കി. അവനെ മാത്രം വഴിപ്പെടുന്നു
Surah Az-Zumar, Verse 14


فَٱعۡبُدُواْ مَا شِئۡتُم مِّن دُونِهِۦۗ قُلۡ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَا ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ

എന്നാല്‍ നിങ്ങള്‍ അവനെക്കൂടാതെ തോന്നിയവയെയൊക്കെ പൂജിച്ചുകൊള്ളുക." പറയുക: "ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ സ്വന്തത്തിനും സ്വന്തക്കാര്‍ക്കും നഷ്ടം വരുത്തിവെച്ചവര്‍ തന്നെയാണ് തീര്‍ച്ചയായും തുലഞ്ഞവര്‍; അറിയുക: അതുതന്നെയാണ് പ്രകടമായ നഷ്ടം
Surah Az-Zumar, Verse 15


لَهُم مِّن فَوۡقِهِمۡ ظُلَلٞ مِّنَ ٱلنَّارِ وَمِن تَحۡتِهِمۡ ظُلَلٞۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥۚ يَٰعِبَادِ فَٱتَّقُونِ

അവര്‍ക്കു മീതെ നരകത്തീയിന്റെ ജ്വാലയാണ് തണലായുണ്ടാവുക. താഴെയുമുണ്ട് തീത്തട്ടുകള്‍. അതിനെപ്പറ്റിയാണ് അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. അതിനാല്‍ എന്റെ ദാസന്മാരേ, എന്നോട് ഭക്തിയുള്ളവരാവുക
Surah Az-Zumar, Verse 16


وَٱلَّذِينَ ٱجۡتَنَبُواْ ٱلطَّـٰغُوتَ أَن يَعۡبُدُوهَا وَأَنَابُوٓاْ إِلَى ٱللَّهِ لَهُمُ ٱلۡبُشۡرَىٰۚ فَبَشِّرۡ عِبَادِ

പൈശാചിക ശക്തികള്‍ക്ക് വഴിപ്പെടുന്നത് വര്‍ജിക്കുകയും അല്ലാഹുവിങ്കലേക്ക് താഴ്മയോടെ തിരിച്ചുചെല്ലുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ശുഭവാര്‍ത്ത. അതിനാല്‍ എന്റെ ദാസന്മാരെ ശുഭവാര്‍ത്ത അറിയിക്കുക
Surah Az-Zumar, Verse 17


ٱلَّذِينَ يَسۡتَمِعُونَ ٱلۡقَوۡلَ فَيَتَّبِعُونَ أَحۡسَنَهُۥٓۚ أُوْلَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُۖ وَأُوْلَـٰٓئِكَ هُمۡ أُوْلُواْ ٱلۡأَلۡبَٰبِ

വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരാണവര്‍. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ
Surah Az-Zumar, Verse 18


أَفَمَنۡ حَقَّ عَلَيۡهِ كَلِمَةُ ٱلۡعَذَابِ أَفَأَنتَ تُنقِذُ مَن فِي ٱلنَّارِ

അപ്പോള്‍ ശിക്ഷാവിധി സ്ഥിരപ്പെട്ടുകഴിഞ്ഞവന്റെ സ്ഥിതിയോ; നരകത്തീയിലുള്ളവനെ രക്ഷിക്കാന്‍ നിനക്കാവുമോ
Surah Az-Zumar, Verse 19


لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ غُرَفٞ مِّن فَوۡقِهَا غُرَفٞ مَّبۡنِيَّةٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَعۡدَ ٱللَّهِ لَا يُخۡلِفُ ٱللَّهُ ٱلۡمِيعَادَ

എന്നാല്‍ തങ്ങളുടെ നാഥനോട് ഭക്തിപുലര്‍ത്തിയവര്‍ക്ക് തട്ടിനുമേല്‍ തട്ടുകളായി നിര്‍മിച്ച മണിമേടകളുണ്ട്. അവയുടെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ വാഗ്ദാനമാണിത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല
Surah Az-Zumar, Verse 20


أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَلَكَهُۥ يَنَٰبِيعَ فِي ٱلۡأَرۡضِ ثُمَّ يُخۡرِجُ بِهِۦ زَرۡعٗا مُّخۡتَلِفًا أَلۡوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَجۡعَلُهُۥ حُطَٰمًاۚ إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ

നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നത്. അങ്ങനെ അതിനെ ഭൂമിയില്‍ ഉറവകളായി ഒഴുക്കുന്നതും. പിന്നീട് അതുവഴി അല്ലാഹു വര്‍ണ വൈവിധ്യമുള്ള വിളകളുല്‍പാദിപ്പിക്കുന്നു. അതിനുശേഷം അവ ഉണങ്ങുന്നു. അപ്പോഴവ മഞ്ഞച്ചതായി നിനക്കു കാണാം. പിന്നെ അവനവയെ കച്ചിത്തുരുമ്പാക്കുന്നു. വിചാരമതികള്‍ക്കിതില്‍ ഗുണപാഠമുണ്ട്
Surah Az-Zumar, Verse 21


أَفَمَن شَرَحَ ٱللَّهُ صَدۡرَهُۥ لِلۡإِسۡلَٰمِ فَهُوَ عَلَىٰ نُورٖ مِّن رَّبِّهِۦۚ فَوَيۡلٞ لِّلۡقَٰسِيَةِ قُلُوبُهُم مِّن ذِكۡرِ ٱللَّهِۚ أُوْلَـٰٓئِكَ فِي ضَلَٰلٖ مُّبِينٍ

അല്ലാഹു ഒരാള്‍ക്ക് ഇസ്ലാം സ്വീകരിക്കാന്‍ ഹൃദയവിശാലത നല്‍കി. അങ്ങനെ അവന്‍ തന്റെ നാഥനില്‍ നിന്നുള്ള വെളിച്ചത്തിലൂടെ ചരിക്കാന്‍ തുടങ്ങി. അയാളും അങ്ങനെയല്ലാത്തവനും ഒരുപോലെയാകുമോ? അതിനാല്‍, ദൈവസ്മരണയില്‍ നിന്നകന്ന് ഹൃദയം കടുത്തുപോയവര്‍ക്കാണ് കൊടിയ നാശം! അവര്‍ വ്യക്തമായ വഴികേടിലാണ്
Surah Az-Zumar, Verse 22


ٱللَّهُ نَزَّلَ أَحۡسَنَ ٱلۡحَدِيثِ كِتَٰبٗا مُّتَشَٰبِهٗا مَّثَانِيَ تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِينَ يَخۡشَوۡنَ رَبَّهُمۡ ثُمَّ تَلِينُ جُلُودُهُمۡ وَقُلُوبُهُمۡ إِلَىٰ ذِكۡرِ ٱللَّهِۚ ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٍ

ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല
Surah Az-Zumar, Verse 23


أَفَمَن يَتَّقِي بِوَجۡهِهِۦ سُوٓءَ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَقِيلَ لِلظَّـٰلِمِينَ ذُوقُواْ مَا كُنتُمۡ تَكۡسِبُونَ

എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തനിക്കു നേരെ വരുന്ന കഠിനശിക്ഷയെ തന്റെ മുഖം കൊണ്ടു തടുക്കേണ്ടിവരുന്നവന്റെ സ്ഥിതിയോ? അതിക്രമികളോട് അന്ന് പറയും: "നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതത്രയും നിങ്ങള്‍തന്നെ ആസ്വദിച്ചുകൊള്ളുക
Surah Az-Zumar, Verse 24


كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ

ഇവര്‍ക്കു മുമ്പുള്ളവരും സത്യത്തെ തള്ളിപ്പറഞ്ഞു. അവസാനം അവരോര്‍ക്കാത്ത ഭാഗത്തുനിന്ന് വിപത്തുകള്‍ അവരില്‍ വന്നെത്തി
Surah Az-Zumar, Verse 25


فَأَذَاقَهُمُ ٱللَّهُ ٱلۡخِزۡيَ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ

അങ്ങനെ അല്ലാഹു അവരെ ഐഹികജീവിതത്തില്‍ തന്നെ അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷയോ അതിലും എത്രയോ കൂടുതല്‍ കഠിനമത്രേ. ഇക്കൂട്ടരിതറിഞ്ഞിരുന്നെങ്കില്‍
Surah Az-Zumar, Verse 26


وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ لَّعَلَّهُمۡ يَتَذَكَّرُونَ

നാം ഈ ഖുര്‍ആനിലൂടെ മനുഷ്യര്‍ക്കായി വിവിധയിനം ഉദാഹരണങ്ങള്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അവര്‍ ആലോചിച്ചറിയാന്‍
Surah Az-Zumar, Verse 27


قُرۡءَانًا عَرَبِيًّا غَيۡرَ ذِي عِوَجٖ لَّعَلَّهُمۡ يَتَّقُونَ

അറബി ഭാഷയിലുള്ള ഖുര്‍ആനാണിത്. ഇതിലൊട്ടും വളച്ചുകെട്ടില്ല. അവര്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടിയാണിത്
Surah Az-Zumar, Verse 28


ضَرَبَ ٱللَّهُ مَثَلٗا رَّجُلٗا فِيهِ شُرَكَآءُ مُتَشَٰكِسُونَ وَرَجُلٗا سَلَمٗا لِّرَجُلٍ هَلۡ يَسۡتَوِيَانِ مَثَلًاۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ

അല്ലാഹു ഇതാ ഒരുദാഹരണം സമര്‍പ്പിക്കുന്നു: ഒരു മനുഷ്യന്‍. അനേകമാളുകള്‍ അവന്റെ ഉടമസ്ഥതയില്‍ പങ്കാളികളാണ്. അവര്‍ പരസ്പരം കലഹിക്കുന്നവരുമാണ്. മറ്റൊരു മനുഷ്യന്‍; ഒരു യജമാനനു മാത്രം കീഴ്പെട്ട് കഴിയുന്നവനാണയാള്‍. ഈ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. എന്നാല്‍ അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല
Surah Az-Zumar, Verse 29


إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ

സംശയമില്ല; ഒരുനാള്‍ നീ മരിക്കും. അവരും മരിക്കും
Surah Az-Zumar, Verse 30


ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ

പിന്നെ, ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിങ്ങളുടെ നാഥന്റെ സന്നിധിയില്‍ വെച്ച് നിങ്ങള്‍ കലഹിക്കും
Surah Az-Zumar, Verse 31


۞فَمَنۡ أَظۡلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدۡقِ إِذۡ جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ

അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും തനിക്കു സത്യം വന്നെത്തിയപ്പോള്‍ അതിനെ തള്ളിപ്പറയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തീയല്ലയോ സത്യനിഷേധികള്‍ക്കുള്ള വാസസ്ഥലം
Surah Az-Zumar, Verse 32


وَٱلَّذِي جَآءَ بِٱلصِّدۡقِ وَصَدَّقَ بِهِۦٓ أُوْلَـٰٓئِكَ هُمُ ٱلۡمُتَّقُونَ

സത്യസന്ദേശവുമായി വന്നവനും അതിനെ സത്യപ്പെടുത്തിയവനും തന്നെയാണ് ഭക്തി പുലര്‍ത്തുന്നവര്‍
Surah Az-Zumar, Verse 33


لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ جَزَآءُ ٱلۡمُحۡسِنِينَ

അവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുത്ത് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അതാണ് സച്ചരിതര്‍ക്കുള്ള പ്രതിഫലം
Surah Az-Zumar, Verse 34


لِيُكَفِّرَ ٱللَّهُ عَنۡهُمۡ أَسۡوَأَ ٱلَّذِي عَمِلُواْ وَيَجۡزِيَهُمۡ أَجۡرَهُم بِأَحۡسَنِ ٱلَّذِي كَانُواْ يَعۡمَلُونَ

അവര്‍ ചെയ്തുപോയതില്‍ ഏറ്റവും ചീത്ത പ്രവൃത്തിപോലും അല്ലാഹു അവരില്‍നിന്ന് മായ്ച്ചുകളയാനാണിത്. അവര്‍ ചെയ്തുകൊണ്ടിരുന്ന ഏറ്റം നല്ല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലവര്‍ക്കു പ്രതിഫലം നല്‍കാനും
Surah Az-Zumar, Verse 35


أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ

അല്ലാഹു പോരേ അവന്റെ അടിമയ്ക്ക്? അവന് പുറമെയുള്ളവരുടെ പേരില്‍ അവര്‍ നിന്നെ പേടിപ്പിക്കുന്നു. അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കുകയാണെങ്കില്‍ അവനെ നേര്‍വഴിയിലാക്കാന്‍ മറ്റാര്‍ക്കുമാവില്ല
Surah Az-Zumar, Verse 36


وَمَن يَهۡدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّۗ أَلَيۡسَ ٱللَّهُ بِعَزِيزٖ ذِي ٱنتِقَامٖ

വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയാണെങ്കില്‍ അവനെ വഴികേടിലാക്കാനും ആര്‍ക്കും സാധ്യമല്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനും അല്ലെന്നോ
Surah Az-Zumar, Verse 37


وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلۡ أَفَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِيَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوۡ أَرَادَنِي بِرَحۡمَةٍ هَلۡ هُنَّ مُمۡسِكَٰتُ رَحۡمَتِهِۦۚ قُلۡ حَسۡبِيَ ٱللَّهُۖ عَلَيۡهِ يَتَوَكَّلُ ٱلۡمُتَوَكِّلُونَ

ആകാശഭൂമികളെ സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും, “അല്ലാഹു”വെന്ന്. എങ്കില്‍ ചോദിക്കുക: "അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്കു വല്ല വിപത്തും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍ അവയ്ക്ക് ആ വിപത്ത് തട്ടിമാറ്റാനാകുമോ?" അല്ലെങ്കില്‍ അവനെനിക്ക് എന്തെങ്കിലും അനുഗ്രഹമേകാനുദ്ദേശിച്ചാല്‍ അവക്ക് അവന്റെ അനുഗ്രഹം തടഞ്ഞുവെക്കാന്‍ കഴിയുമോ?" പറയുക: എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുന്നവരൊക്കെയും അവനില്‍ ഭരമേല്‍പിക്കട്ടെ
Surah Az-Zumar, Verse 38


قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ فَسَوۡفَ تَعۡلَمُونَ

പറയുക: "എന്റെ ജനമേ, നിങ്ങള്‍ നിങ്ങള്‍ക്കാവുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാം. അടുത്തുതന്നെ നിങ്ങള്‍ക്കു മനസ്സിലായിക്കൊള്ളും
Surah Az-Zumar, Verse 39


مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ

ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വന്നെത്തുകയെന്ന്. സ്ഥിരമായ ശിക്ഷ വന്നിറങ്ങുക ആരുടെ മേലാണെന്നും
Surah Az-Zumar, Verse 40


إِنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ لِلنَّاسِ بِٱلۡحَقِّۖ فَمَنِ ٱهۡتَدَىٰ فَلِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٍ

സംശയമില്ല; മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനു തന്നെയാണ്. വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും അവനുതന്നെ. നീ അവരുടെ കൈകാര്യകര്‍ത്താവൊന്നുമല്ല
Surah Az-Zumar, Verse 41


ٱللَّهُ يَتَوَفَّى ٱلۡأَنفُسَ حِينَ مَوۡتِهَا وَٱلَّتِي لَمۡ تَمُتۡ فِي مَنَامِهَاۖ فَيُمۡسِكُ ٱلَّتِي قَضَىٰ عَلَيۡهَا ٱلۡمَوۡتَ وَيُرۡسِلُ ٱلۡأُخۡرَىٰٓ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ

മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്
Surah Az-Zumar, Verse 42


أَمِ ٱتَّخَذُواْ مِن دُونِ ٱللَّهِ شُفَعَآءَۚ قُلۡ أَوَلَوۡ كَانُواْ لَا يَمۡلِكُونَ شَيۡـٔٗا وَلَا يَعۡقِلُونَ

അതല്ല; അല്ലാഹുവെക്കൂടാതെ അവര്‍ ശിപാര്‍ശകരെ ഉണ്ടാക്കിവെച്ചിരിക്കുകയാണോ? ചോദിക്കുക: ഒന്നിന്റെയും ഉടമാവകാശമില്ലാത്തവരും ഒന്നും ആലോചിക്കാത്തവരുമാണെങ്കിലും അവര്‍ ശിപാര്‍ശ ചെയ്യുമെന്നോ
Surah Az-Zumar, Verse 43


قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗاۖ لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ ثُمَّ إِلَيۡهِ تُرۡجَعُونَ

പറയുക: "ശിപാര്‍ശക്കുള്ള അവകാശമൊക്കെയും അല്ലാഹുവിന് മാത്രമുള്ളതാണ്. അവന്നാണ് ആകാശഭൂമികളുടെ ആധിപത്യം. പിന്നീട് നിങ്ങള്‍ മടങ്ങിച്ചെല്ലുന്നതും അവങ്കലേക്കുതന്നെ
Surah Az-Zumar, Verse 44


وَإِذَا ذُكِرَ ٱللَّهُ وَحۡدَهُ ٱشۡمَأَزَّتۡ قُلُوبُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ

ഏകനായ അല്ലാഹുവെപ്പറ്റി പറയുമ്പോള്‍ പരലോകവിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ക്ക് സഹികേടു തോന്നുന്നു. അവനു പുറമെയുള്ളവരെപ്പററി പറഞ്ഞാലോ അവര്‍ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു
Surah Az-Zumar, Verse 45


قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ عَٰلِمَ ٱلۡغَيۡبِ وَٱلشَّهَٰدَةِ أَنتَ تَحۡكُمُ بَيۡنَ عِبَادِكَ فِي مَا كَانُواْ فِيهِ يَخۡتَلِفُونَ

പറയുക: "അല്ലാഹുവേ, ആകാശഭൂമികളുടെ സ്രഷ്ടാവേ, ദൃശ്യവും അദൃശ്യവും അറിയുന്നവനേ, നിന്റെ അടിമകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ അവസാനം വിധി തീര്‍പ്പുണ്ടാക്കുന്നത് നീയാണല്ലോ
Surah Az-Zumar, Verse 46


وَلَوۡ أَنَّ لِلَّذِينَ ظَلَمُواْ مَا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦ مِن سُوٓءِ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمۡ يَكُونُواْ يَحۡتَسِبُونَ

ഭൂമിയിലുള്ളതൊക്കെയും അതോടൊപ്പം അത്രയും, അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ കടുത്ത ശിക്ഷയില്‍നിന്നു രക്ഷനേടാന്‍ അതൊക്കെയും അവര്‍ പിഴയായി നല്‍കാന്‍ തയ്യാറാകും. നേരത്തെ ഒരിക്കലും അവര്‍ ഊഹിക്കുകപോലും ചെയ്തിട്ടില്ലാത്ത പലതും അവിടെ അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് വെളിപ്പെടുന്നു
Surah Az-Zumar, Verse 47


وَبَدَا لَهُمۡ سَيِّـَٔاتُ مَا كَسَبُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

അവര്‍ ശേഖരിച്ചുവെച്ചതിന്റെ ദുഷ്ഫലങ്ങളവര്‍ക്ക് വെളിപ്പെടും. അന്നോളം അവര്‍ പുച്ഛിച്ചു തള്ളിയിരുന്ന അതേശിക്ഷ തന്നെ അവരെ ബാധിക്കുകയും ചെയ്യും
Surah Az-Zumar, Verse 48


فَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَانَا ثُمَّ إِذَا خَوَّلۡنَٰهُ نِعۡمَةٗ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمِۭۚ بَلۡ هِيَ فِتۡنَةٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

വല്ല വിപത്തും ബാധിച്ചാല്‍ മനുഷ്യന്‍ നമ്മെ വിളിച്ചുപ്രാര്‍ഥിക്കും. പിന്നീട് നാം വല്ല അനുഗ്രഹവും നല്‍കിയാലോ അവന്‍ പറയും: "ഇതെനിക്ക് എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ കിട്ടിയതാണ്." എന്നാല്‍ യഥാര്‍ഥത്തിലതൊരു പരീക്ഷണമാണ്. പക്ഷേ, അവരിലേറെ പേരും അതറിയുന്നില്ല
Surah Az-Zumar, Verse 49


قَدۡ قَالَهَا ٱلَّذِينَ مِن قَبۡلِهِمۡ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ

ഇവര്‍ക്കു മുമ്പുള്ളവരും ഇവ്വിധം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ സമ്പാദിച്ചതൊന്നും അവര്‍ക്കൊട്ടും ഉപകരിച്ചില്ല
Surah Az-Zumar, Verse 50


فَأَصَابَهُمۡ سَيِّـَٔاتُ مَا كَسَبُواْۚ وَٱلَّذِينَ ظَلَمُواْ مِنۡ هَـٰٓؤُلَآءِ سَيُصِيبُهُمۡ سَيِّـَٔاتُ مَا كَسَبُواْ وَمَا هُم بِمُعۡجِزِينَ

അങ്ങനെ അവര്‍ സമ്പാദിച്ചതിന്റെ ദുരന്തഫലങ്ങള്‍ അവരെ ബാധിച്ചു. അതേപോലെ ഇക്കൂട്ടരില്‍ അതിക്രമികള്‍ക്കും അവര്‍ നേടിയതിന്റെ ദുഷ്ഫലങ്ങള്‍ ബാധിക്കാന്‍ പോവുകയാണ്. ഇവര്‍ക്കും നമ്മെ തോല്‍പിക്കാനാവില്ല
Surah Az-Zumar, Verse 51


أَوَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ

ഇവര്‍ മനസ്സിലാക്കുന്നില്ലേ; അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വിപുലമാക്കിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ കുറവു വരുത്തുന്നു. സത്യവിശ്വാസികളായ ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്
Surah Az-Zumar, Verse 52


۞قُلۡ يَٰعِبَادِيَ ٱلَّذِينَ أَسۡرَفُواْ عَلَىٰٓ أَنفُسِهِمۡ لَا تَقۡنَطُواْ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغۡفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ

പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും
Surah Az-Zumar, Verse 53


وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُۥ مِن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ ثُمَّ لَا تُنصَرُونَ

നിങ്ങള്‍ക്കു ശിക്ഷ വന്നെത്തും മുമ്പെ നിങ്ങള്‍ നിങ്ങളുടെ നാഥങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. അവന് കീഴ്പെടുക. ശിക്ഷ വന്നെത്തിയാല്‍ പിന്നെ നിങ്ങള്‍ക്ക് എങ്ങുനിന്നും സഹായം കിട്ടുകയില്ല
Surah Az-Zumar, Verse 54


وَٱتَّبِعُوٓاْ أَحۡسَنَ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُم مِّن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ بَغۡتَةٗ وَأَنتُمۡ لَا تَشۡعُرُونَ

നിങ്ങളറിയാതെ, പെട്ടെന്നാണ് നിങ്ങള്‍ക്കു ശിക്ഷ വന്നെത്തുക. അതിനു മുമ്പേ നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് ഇറക്കിക്കിട്ടിയ വേദത്തിലെ വചനങ്ങളെ പിന്‍പറ്റുക
Surah Az-Zumar, Verse 55


أَن تَقُولَ نَفۡسٞ يَٰحَسۡرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِينَ

ആരും ഇങ്ങനെ പറയാന്‍ ഇടവരാതിരിക്കട്ടെ: "എന്റെ നാശം, അല്ലാഹുവോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ ഞാന്‍ വല്ലാതെ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ അതിനെ പരിഹസിക്കുന്നവരുടെ കൂട്ടത്തിലായിപ്പോയി
Surah Az-Zumar, Verse 56


أَوۡ تَقُولَ لَوۡ أَنَّ ٱللَّهَ هَدَىٰنِي لَكُنتُ مِنَ ٱلۡمُتَّقِينَ

അല്ലെങ്കില്‍ ഇങ്ങനെയും പറയേണ്ടിവരാതിരിക്കട്ടെ: "അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ ഭക്തന്മാരിലുള്‍പ്പെടുമായിരുന്നേനെ
Surah Az-Zumar, Verse 57


أَوۡ تَقُولَ حِينَ تَرَى ٱلۡعَذَابَ لَوۡ أَنَّ لِي كَرَّةٗ فَأَكُونَ مِنَ ٱلۡمُحۡسِنِينَ

അതുമല്ലെങ്കില്‍ ശിക്ഷ നേരില്‍ കാണുമ്പോള്‍ ഇവ്വിധം പറയാനിടവരരുത്: "എനിക്കൊന്ന് മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ സച്ചരിതരില്‍പെടുമായിരുന്നു
Surah Az-Zumar, Verse 58


بَلَىٰ قَدۡ جَآءَتۡكَ ءَايَٰتِي فَكَذَّبۡتَ بِهَا وَٱسۡتَكۡبَرۡتَ وَكُنتَ مِنَ ٱلۡكَٰفِرِينَ

എന്നാല്‍ സംശയമില്ല; എന്റെ വചനങ്ങള്‍ നിനക്ക് വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു. അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ നീ സത്യനിഷേധികളിലുള്‍പ്പെട്ടു
Surah Az-Zumar, Verse 59


وَيَوۡمَ ٱلۡقِيَٰمَةِ تَرَى ٱلَّذِينَ كَذَبُواْ عَلَى ٱللَّهِ وُجُوهُهُم مُّسۡوَدَّةٌۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡمُتَكَبِّرِينَ

അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞവരുടെ മുഖങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ കറുത്തിരുണ്ടവയായി നിനക്കു കാണാം. നരകത്തീയല്ലയോ അഹങ്കാരികളുടെ വാസസ്ഥലം
Surah Az-Zumar, Verse 60


وَيُنَجِّي ٱللَّهُ ٱلَّذِينَ ٱتَّقَوۡاْ بِمَفَازَتِهِمۡ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمۡ يَحۡزَنُونَ

ഭക്തിപുലര്‍ത്തിയവരെ അവരവലംബിച്ച വിജയകരമായ ജീവിതം കാരണം അല്ലാഹു രക്ഷപ്പെടുത്തും. ശിക്ഷ അവരെ ബാധിക്കുകയില്ല. അവര്‍ ദുഃഖിക്കേണ്ടിവരില്ല
Surah Az-Zumar, Verse 61


ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ

അല്ലാഹു സകല വസ്തുക്കളുടെയും സ്രഷ്ടാവാണ്. എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നവനും
Surah Az-Zumar, Verse 62


لَّهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ أُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ

ആകാശഭൂമികളുടെ താക്കോലുകള്‍ അവന്റെ വശമാണുള്ളത്. അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ തന്നെയാണ് തുലഞ്ഞവര്‍
Surah Az-Zumar, Verse 63


قُلۡ أَفَغَيۡرَ ٱللَّهِ تَأۡمُرُوٓنِّيٓ أَعۡبُدُ أَيُّهَا ٱلۡجَٰهِلُونَ

ചോദിക്കുക: "വിവേകംകെട്ടവരേ, ഞാന്‍ അല്ലാഹു അല്ലാത്തവരെ പൂജിക്കണമെന്നാണോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്
Surah Az-Zumar, Verse 64


وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ

സംശയമില്ല; നിനക്കും നിനക്കു മുമ്പുള്ളവര്‍ക്കും ബോധനമായി നല്‍കിയതിതാണ്: “നീ അല്ലാഹുവില്‍ പങ്കുചേര്‍ത്താല്‍ ഉറപ്പായും നിന്റെ പ്രവര്‍ത്തനങ്ങളൊക്കെ പാഴാകും. നീ എല്ലാം നഷ്ടപ്പെട്ടവരില്‍പെടുകയും ചെയ്യും.”
Surah Az-Zumar, Verse 65


بَلِ ٱللَّهَ فَٱعۡبُدۡ وَكُن مِّنَ ٱلشَّـٰكِرِينَ

അതിനാല്‍ നീ അല്ലാഹുവിനു മാത്രം വഴിപ്പെടുക. നന്ദി കാണിക്കുന്നവരിലുള്‍പ്പെടുക
Surah Az-Zumar, Verse 66


وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِيعٗا قَبۡضَتُهُۥ يَوۡمَ ٱلۡقِيَٰمَةِ وَٱلسَّمَٰوَٰتُ مَطۡوِيَّـٰتُۢ بِيَمِينِهِۦۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ

അല്ലാഹുവെ പരിഗണിക്കേണ്ട വിധം ഇക്കൂട്ടര്‍ പരിഗണിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഭൂമി മുഴുവന്‍ അവന്റെ കൈപ്പിടിയിലൊതുങ്ങും. ആകാശങ്ങള്‍ അവന്റെ വലംകയ്യില്‍ ചുരുട്ടിക്കൂട്ടിയതായിത്തീരും. അവനെത്ര പരിശുദ്ധന്‍! ഇവരാരോപിക്കുന്ന പങ്കാളികള്‍ക്കെല്ലാം അതീതനും അത്യുന്നതനുമാണവന്‍
Surah Az-Zumar, Verse 67


وَنُفِخَ فِي ٱلصُّورِ فَصَعِقَ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ إِلَّا مَن شَآءَ ٱللَّهُۖ ثُمَّ نُفِخَ فِيهِ أُخۡرَىٰ فَإِذَا هُمۡ قِيَامٞ يَنظُرُونَ

അന്ന് കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശഭൂമികളിലുള്ളവരൊക്കെ ചലനമറ്റവരായിത്തീരും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് വീണ്ടുമൊരിക്കല്‍ കാഹളത്തിലൂതപ്പെടും. അപ്പോഴതാ എല്ലാവരും എഴുന്നേറ്റ് നോക്കാന്‍ തുടങ്ങുന്നു
Surah Az-Zumar, Verse 68


وَأَشۡرَقَتِ ٱلۡأَرۡضُ بِنُورِ رَبِّهَا وَوُضِعَ ٱلۡكِتَٰبُ وَجِاْيٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِيَ بَيۡنَهُم بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ

അന്ന് ഭൂമി അതിന്റെ നാഥന്റെ പ്രഭയാല്‍ പ്രകാശിതമാകും. കര്‍മപുസ്തകം സമര്‍പ്പിക്കപ്പെടും. പ്രവാചകന്മാരും സാക്ഷികളും ഹാജരാക്കപ്പെടും. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധിത്തീര്‍പ്പുണ്ടാകും. ആരും അനീതിക്കിരയാവില്ല
Surah Az-Zumar, Verse 69


وَوُفِّيَتۡ كُلُّ نَفۡسٖ مَّا عَمِلَتۡ وَهُوَ أَعۡلَمُ بِمَا يَفۡعَلُونَ

ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചതിന് അര്‍ഹമായ പ്രതിഫലം പൂര്‍ണമായും ലഭിക്കും. അവര്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു
Surah Az-Zumar, Verse 70


وَسِيقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ جَهَنَّمَ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَتۡلُونَ عَلَيۡكُمۡ ءَايَٰتِ رَبِّكُمۡ وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ بَلَىٰ وَلَٰكِنۡ حَقَّتۡ كَلِمَةُ ٱلۡعَذَابِ عَلَى ٱلۡكَٰفِرِينَ

സത്യനിഷേധികള്‍ കൂട്ടംകൂട്ടമായി നരകത്തീയിലേക്ക് നയിക്കപ്പെടും. അങ്ങനെ അവര്‍ അതിനടുത്തെത്തിയാല്‍ അതിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. അതിന്റെ കാവല്‍ക്കാര്‍ അവരോടിങ്ങനെ ചോദിക്കും: "നിങ്ങളുടെ നാഥന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു തരികയും ഈ ദിനത്തെ കണ്ടുമുട്ടേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്ത, നിങ്ങളില്‍നിന്നുതന്നെയുള്ള ദൈവദൂതന്മാര്‍ നിങ്ങളിലേക്ക് വന്നെത്തിയിരുന്നില്ലേ?" അവര്‍ പറയും: “അതെ. പക്ഷേ, സത്യനിഷേധികള്‍ക്ക് ശിക്ഷാവിധി സ്ഥിരപ്പെട്ടുപോയി.”
Surah Az-Zumar, Verse 71


قِيلَ ٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ

അവരോടു പറയും: "നിങ്ങള്‍ നരക വാതിലുകളിലൂടെ കടന്നുകൊള്ളുക. നിങ്ങളിവിടെ സ്ഥിരവാസികളായിരിക്കും. അഹങ്കാരികളുടെ താവളം എത്ര ചീത്ത
Surah Az-Zumar, Verse 72


وَسِيقَ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ إِلَى ٱلۡجَنَّةِ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَا سَلَٰمٌ عَلَيۡكُمۡ طِبۡتُمۡ فَٱدۡخُلُوهَا خَٰلِدِينَ

തങ്ങളുടെ നാഥനോട് ഭക്തി പുലര്‍ത്തിയവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അവരവിടെ എത്തുമ്പോള്‍ അതിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചവയായിരിക്കും. അതിന്റെ കാവല്‍ക്കാര്‍ അരോടു പറയും: "നിങ്ങള്‍ക്കു സമാധാനം. നിങ്ങള്‍ക്കു നല്ലതു വരട്ടെ. സ്ഥിരവാസികളായി നിങ്ങളിതില്‍ പ്രവേശിച്ചുകൊള്ളുക
Surah Az-Zumar, Verse 73


وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي صَدَقَنَا وَعۡدَهُۥ وَأَوۡرَثَنَا ٱلۡأَرۡضَ نَتَبَوَّأُ مِنَ ٱلۡجَنَّةِ حَيۡثُ نَشَآءُۖ فَنِعۡمَ أَجۡرُ ٱلۡعَٰمِلِينَ

അവര്‍ പറയും: ഞങ്ങളോടുള്ള വാഗ്ദാനം പൂര്‍ത്തീകരിച്ചു തരികയും ഞങ്ങളെ ഭൂമിയുടെ അവകാശികളാക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. ഈ സ്വര്‍ഗത്തില്‍ നാമുദ്ദേശിക്കുന്നേടത്ത് നമുക്കു താമസിക്കാമല്ലോ. അപ്പോള്‍ കര്‍മം ചെയ്യുന്നവരുടെ പ്രതിഫലം എത്ര മഹത്തരം
Surah Az-Zumar, Verse 74


وَتَرَى ٱلۡمَلَـٰٓئِكَةَ حَآفِّينَ مِنۡ حَوۡلِ ٱلۡعَرۡشِ يُسَبِّحُونَ بِحَمۡدِ رَبِّهِمۡۚ وَقُضِيَ بَيۡنَهُم بِٱلۡحَقِّۚ وَقِيلَ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

മലക്കുകള്‍ തങ്ങളുടെ നാഥനെ വാഴ്ത്തിയും കീര്‍ത്തനം ചെയ്തും സിംഹാസനത്തിനു ചുറ്റും അണിനിരന്നതായി നിനക്കു കാണാം. അപ്പോള്‍ ജനത്തിനിടയില്‍ നീതിപൂര്‍വമായ വിധിത്തീര്‍പ്പുണ്ടാകും. “പ്രപഞ്ച നാഥനായ അല്ലാഹുവിന് സ്തുതി”യെന്ന് പറയപ്പെടുകയും ചെയ്യും
Surah Az-Zumar, Verse 75


Author: Muhammad Karakunnu And Vanidas Elayavoor


<< Surah 38
>> Surah 40

Malayalam Translations by other Authors


Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Popular Areas
Apartments for rent in Dubai Apartments for rent Abu Dhabi Villas for rent in Dubai House for rent Abu Dhabi Apartments for sale in Dubai Apartments for sale in Abu Dhabi Flat for rent Sharjah
Popular Searches
Studios for rent in UAE Apartments for rent in UAE Villas for rent in UAE Apartments for sale in UAE Villas for sale in UAE Land for sale in UAE Dubai Real Estate
Trending Areas
Apartments for rent in Dubai Marina Apartments for sale in Dubai Marina Villa for rent in Sharjah Villa for sale in Dubai Flat for rent in Ajman Studio for rent in Abu Dhabi Villa for rent in Ajman
Trending Searches
Villa for rent in Abu Dhabi Shop for rent in Dubai Villas for sale in Ajman Studio for rent in Sharjah 1 Bedroom Apartment for rent in Dubai Property for rent in Abu Dhabi Commercial properties for sale
© Copyright Dubai Prayer Time. All Rights Reserved
Designed by Prayer Time In Dubai