UAE Prayer Times

  • Dubai
  • Abu Dhabi
  • Sharjah
  • Ajman
  • Fujairah
  • Umm Al Quwain
  • Ras Al Khaimah
  • Quran Translations

Surah Ash-Shura - Malayalam Translation by Muhammad Karakunnu And Vanidas Elayavoor


حمٓ

ഹാ - മീം
Surah Ash-Shura, Verse 1


عٓسٓقٓ

ഐന്‍- സീന്‍- ഖാഫ്
Surah Ash-Shura, Verse 2


كَذَٰلِكَ يُوحِيٓ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ

പ്രതാപിയും യുക്തിമാനുമായ അല്ലാഹു നിനക്കും നിനക്കുമുമ്പുള്ളവര്‍ക്കും ഇവ്വിധം ദിവ്യബോധനം നല്‍കുന്നു
Surah Ash-Shura, Verse 3


لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ

ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. അവന്‍ അത്യുന്നതനും മഹാനുമാണ്
Surah Ash-Shura, Verse 4


تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِن فَوۡقِهِنَّۚ وَٱلۡمَلَـٰٓئِكَةُ يُسَبِّحُونَ بِحَمۡدِ رَبِّهِمۡ وَيَسۡتَغۡفِرُونَ لِمَن فِي ٱلۡأَرۡضِۗ أَلَآ إِنَّ ٱللَّهَ هُوَ ٱلۡغَفُورُ ٱلرَّحِيمُ

ആകാശങ്ങള്‍ അവയുടെ മുകള്‍ഭാഗത്തുനിന്ന് പൊട്ടിച്ചിതറാനടുത്തിരിക്കുന്നു. മലക്കുകള്‍ തങ്ങളുടെ നാഥനെ കീര്‍ത്തിക്കുന്നു. വാഴ്ത്തുന്നു. ഭൂമിയിലുള്ളവര്‍ക്കായി അവര്‍ പാപമോചനം തേടുന്നു. അറിയുക; തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമദയാലുവും
Surah Ash-Shura, Verse 5


وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ ٱللَّهُ حَفِيظٌ عَلَيۡهِمۡ وَمَآ أَنتَ عَلَيۡهِم بِوَكِيلٖ

അല്ലാഹുവെക്കൂടാതെ മറ്റു രക്ഷാധികാരികളെ സ്വീകരിച്ചവരുണ്ടല്ലോ. അല്ലാഹു അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനാണ്. നിനക്ക് അവരുടെ മേല്‍നോട്ടബാധ്യതയില്ല
Surah Ash-Shura, Verse 6


وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ قُرۡءَانًا عَرَبِيّٗا لِّتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَا وَتُنذِرَ يَوۡمَ ٱلۡجَمۡعِ لَا رَيۡبَ فِيهِۚ فَرِيقٞ فِي ٱلۡجَنَّةِ وَفَرِيقٞ فِي ٱلسَّعِيرِ

ഇവ്വിധം നിനക്കു നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. നീ മാതൃനഗരത്തിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും മുന്നറിയിപ്പു നല്‍കാനാണിത്. സംഭവിക്കുമെന്ന കാര്യത്തില്‍ സംശയസാധ്യതപോലുമില്ലാത്ത ആ മഹാസംഗമത്തെ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കാനും. അന്നൊരു സംഘം സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു സംഘം കത്തിക്കാളുന്ന നരകത്തീയിലും
Surah Ash-Shura, Verse 7


وَلَوۡ شَآءَ ٱللَّهُ لَجَعَلَهُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِيّٖ وَلَا نَصِيرٍ

അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ മുഴുവന്‍ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവനിച്ഛിക്കുന്നവരെ അവന്‍ തന്റെ അനുഗ്രഹത്തിന് അവകാശിയാക്കുന്നു. അക്രമികള്‍ക്ക് രക്ഷകനോ സഹായിയോ ഇല്ല
Surah Ash-Shura, Verse 8


أَمِ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَۖ فَٱللَّهُ هُوَ ٱلۡوَلِيُّ وَهُوَ يُحۡيِ ٱلۡمَوۡتَىٰ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

ഇക്കൂട്ടര്‍ അവനെക്കൂടാതെ മറ്റു രക്ഷകരെ സ്വീകരിച്ചിരിക്കയാണോ? എന്നാല്‍ അറിയുക; യഥാര്‍ഥ രക്ഷകന്‍ അല്ലാഹുവാണ്. അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്
Surah Ash-Shura, Verse 9


وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِۚ ذَٰلِكُمُ ٱللَّهُ رَبِّي عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ

നിങ്ങള്‍ക്കിടയില്‍ ഭിന്നതയുള്ളത് ഏതു കാര്യത്തിലായാലും അതില്‍ വിധിത്തീര്‍പ്പുണ്ടാക്കേണ്ടത് അല്ലാഹുവാണ്. അവന്‍ മാത്രമാണ് എന്റെ നാഥനായ അല്ലാഹു. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞാന്‍ ഖേദിച്ചു മടങ്ങുന്നതും അവങ്കലേക്കുതന്നെ
Surah Ash-Shura, Verse 10


فَاطِرُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا وَمِنَ ٱلۡأَنۡعَٰمِ أَزۡوَٰجٗا يَذۡرَؤُكُمۡ فِيهِۚ لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ

ആകാശഭൂമികളുടെ സ്രഷ്ടാവാണവന്‍. അവന്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. നാല്‍ക്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ അവന്‍ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. അല്ലാഹുവിനു തുല്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. കാണുന്നവനും
Surah Ash-Shura, Verse 11


لَهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّهُۥ بِكُلِّ شَيۡءٍ عَلِيمٞ

ആകാശഭൂമികളുടെ താക്കോലുകള്‍ അവന്റെ അധീനതയിലാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അളവറ്റ വിഭവങ്ങള്‍ നല്‍കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ കുറവ് വരുത്തുന്നു. അവന്‍ സകല സംഗതികളും നന്നായറിയുന്നവനാണ്
Surah Ash-Shura, Verse 12


۞شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحٗا وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَمَا وَصَّيۡنَا بِهِۦٓ إِبۡرَٰهِيمَ وَمُوسَىٰ وَعِيسَىٰٓۖ أَنۡ أَقِيمُواْ ٱلدِّينَ وَلَا تَتَفَرَّقُواْ فِيهِۚ كَبُرَ عَلَى ٱلۡمُشۡرِكِينَ مَا تَدۡعُوهُمۡ إِلَيۡهِۚ ٱللَّهُ يَجۡتَبِيٓ إِلَيۡهِ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَن يُنِيبُ

നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു മതനിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. “നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കാതിരിക്കുക”യെന്നതാണത്. നിങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സന്ദേശം ബഹുദൈവവിശ്വാസികള്‍ക്ക് വളരെ വലിയ ഭാരമായിത്തോന്നുന്നു. അല്ലാഹു താനിച്ഛിക്കുന്നവരെ തനിക്കുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുന്നു. പശ്ചാത്തപിച്ചു തന്നിലേക്കു മടങ്ങുന്നവരെ, അല്ലാഹു നേര്‍വഴിയില്‍ നയിക്കുന്നു
Surah Ash-Shura, Verse 13


وَمَا تَفَرَّقُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ إِلَىٰٓ أَجَلٖ مُّسَمّٗى لَّقُضِيَ بَيۡنَهُمۡۚ وَإِنَّ ٱلَّذِينَ أُورِثُواْ ٱلۡكِتَٰبَ مِنۢ بَعۡدِهِمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ

ശരിയായ അറിവു വന്നെത്തിയശേഷമല്ലാതെ ജനം ഭിന്നിച്ചിട്ടില്ല. ആ ഭിന്നതയോ അവര്‍ക്കിടയിലുണ്ടായിരുന്ന വിരോധം മൂലമാണ്. ഒരു നിശ്ചിത അവധിവരെ അന്ത്യവിധി സംഭവിക്കില്ലെന്ന നിന്റെ നാഥന്റെ തീരുമാനം ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ വിധിത്തീര്‍പ്പ് കല്‍പിക്കുമായിരുന്നു. അവര്‍ക്കുശേഷം വേദപുസ്തകത്തിന് അവകാശികളായിത്തീര്‍ന്നവര്‍ തീര്‍ച്ചയായും അതേക്കുറിച്ച് സങ്കീര്‍ണമായ സംശയത്തിലാണ്
Surah Ash-Shura, Verse 14


فَلِذَٰلِكَ فَٱدۡعُۖ وَٱسۡتَقِمۡ كَمَآ أُمِرۡتَۖ وَلَا تَتَّبِعۡ أَهۡوَآءَهُمۡۖ وَقُلۡ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَٰبٖۖ وَأُمِرۡتُ لِأَعۡدِلَ بَيۡنَكُمُۖ ٱللَّهُ رَبُّنَا وَرَبُّكُمۡۖ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡۖ لَا حُجَّةَ بَيۡنَنَا وَبَيۡنَكُمُۖ ٱللَّهُ يَجۡمَعُ بَيۡنَنَاۖ وَإِلَيۡهِ ٱلۡمَصِيرُ

അതിനാല്‍ നീ സത്യപ്രബോധനം നടത്തുക. കല്‍പിക്കപ്പെട്ടപോലെ നേരാംവിധം നിലകൊള്ളുക. അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. പറയുക: "അല്ലാഹു ഇറക്കിത്തന്ന എല്ലാ വേദപുസ്തകത്തിലും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതി സ്ഥാപിക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് ഞങ്ങളുടെയും നിങ്ങളുടെയും നാഥന്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. നമുക്കിടയില്‍ തര്‍ക്കമൊന്നുമില്ല. ഒരു നാള്‍ അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. എല്ലാവര്‍ക്കും മടങ്ങിച്ചെല്ലാനുള്ളത് അവങ്കലേക്കുതന്നെയാണല്ലോ
Surah Ash-Shura, Verse 15


وَٱلَّذِينَ يُحَآجُّونَ فِي ٱللَّهِ مِنۢ بَعۡدِ مَا ٱسۡتُجِيبَ لَهُۥ حُجَّتُهُمۡ دَاحِضَةٌ عِندَ رَبِّهِمۡ وَعَلَيۡهِمۡ غَضَبٞ وَلَهُمۡ عَذَابٞ شَدِيدٌ

അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ചശേഷം അത് സ്വീകരിച്ചവരോട് അല്ലാഹുവെക്കുറിച്ച് തര്‍ക്കിക്കുന്നവരുടെ വാദം അവരുടെ നാഥന്റെയടുത്ത് തീര്‍ത്തും നിരര്‍ഥകമാണ്. അവര്‍ക്ക് ദൈവകോപമുണ്ട്. കഠിനമായ ശിക്ഷയും
Surah Ash-Shura, Verse 16


ٱللَّهُ ٱلَّذِيٓ أَنزَلَ ٱلۡكِتَٰبَ بِٱلۡحَقِّ وَٱلۡمِيزَانَۗ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٞ

സത്യസന്ദേശവുമായി വേദപുസ്തകവും തുലാസുമിറക്കിത്തന്നത് അല്ലാഹുവാണ്. നിനക്കെന്തറിയാം. ആ അന്ത്യസമയം അടുത്തുതന്നെ വന്നെത്തിയേക്കാം
Surah Ash-Shura, Verse 17


يَسۡتَعۡجِلُ بِهَا ٱلَّذِينَ لَا يُؤۡمِنُونَ بِهَاۖ وَٱلَّذِينَ ءَامَنُواْ مُشۡفِقُونَ مِنۡهَا وَيَعۡلَمُونَ أَنَّهَا ٱلۡحَقُّۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِي ٱلسَّاعَةِ لَفِي ضَلَٰلِۭ بَعِيدٍ

ആ അന്ത്യദിനത്തില്‍ വിശ്വസിക്കാത്തവരാണ് അതിനായി ധൃതി കൂട്ടുന്നത്. വിശ്വസിക്കുന്നവര്‍ അതേക്കുറിച്ച് ഭയപ്പെടുന്നവരാണ്. അവര്‍ക്കറിയാം അത് സംഭവിക്കാന്‍പോകുന്ന സത്യമാണെന്ന്. അറിയുക: അന്ത്യസമയത്തെ സംബന്ധിച്ച് തര്‍ക്കിക്കുന്നവര്‍ തീര്‍ച്ചയായും വഴികേടില്‍ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു
Surah Ash-Shura, Verse 18


ٱللَّهُ لَطِيفُۢ بِعِبَادِهِۦ يَرۡزُقُ مَن يَشَآءُۖ وَهُوَ ٱلۡقَوِيُّ ٱلۡعَزِيزُ

അല്ലാഹു തന്റെ ദാസന്മാരോട് ദയാമയനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ അന്നം നല്‍കുന്നു. അവന്‍ കരുത്തനാണ്; പ്രതാപിയും
Surah Ash-Shura, Verse 19


مَن كَانَ يُرِيدُ حَرۡثَ ٱلۡأٓخِرَةِ نَزِدۡ لَهُۥ فِي حَرۡثِهِۦۖ وَمَن كَانَ يُرِيدُ حَرۡثَ ٱلدُّنۡيَا نُؤۡتِهِۦ مِنۡهَا وَمَا لَهُۥ فِي ٱلۡأٓخِرَةِ مِن نَّصِيبٍ

വല്ലവനും പരലോകത്തെ വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവനത് സമൃദ്ധമായി നല്‍കും. ആരെങ്കിലും ഇഹലോക വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവന് നാമതും നല്‍കും. അപ്പോഴവന് പരലോക വിഭവങ്ങളൊന്നുമുണ്ടാവുകയില്ല
Surah Ash-Shura, Verse 20


أَمۡ لَهُمۡ شُرَكَـٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ وَلَوۡلَا كَلِمَةُ ٱلۡفَصۡلِ لَقُضِيَ بَيۡنَهُمۡۗ وَإِنَّ ٱلظَّـٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ

ഈ ജനത്തിന്, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതനിയമമായി നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളുമുണ്ടോ? വിധി ത്തീര്‍പ്പിനെ സംബന്ധിച്ച കല്‍പന നേരത്തെ വന്നിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ പെട്ടെന്നു തന്നെ വിധിത്തീര്‍പ്പുണ്ടാകുമായിരുന്നു. സംശയമില്ല; അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്
Surah Ash-Shura, Verse 21


تَرَى ٱلظَّـٰلِمِينَ مُشۡفِقِينَ مِمَّا كَسَبُواْ وَهُوَ وَاقِعُۢ بِهِمۡۗ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فِي رَوۡضَاتِ ٱلۡجَنَّاتِۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ

ആ അക്രമികള്‍ തങ്ങള്‍ നേടിവെച്ചതിനെക്കുറിച്ചോര്‍ത്ത് പേടിച്ചു വിറക്കുന്നത് നിനക്കു കാണാം. അവരിലത് വന്നെത്തുക തന്നെ ചെയ്യും. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഉറപ്പായും സ്വര്‍ഗീയാരാമങ്ങളിലായിരിക്കും. അവര്‍ക്ക് തങ്ങളുടെ നാഥന്റെയടുത്ത് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അതു തന്നെയാണ് അതിമഹത്തായ അനുഗ്രഹം
Surah Ash-Shura, Verse 22


ذَٰلِكَ ٱلَّذِي يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًا إِلَّا ٱلۡمَوَدَّةَ فِي ٱلۡقُرۡبَىٰۗ وَمَن يَقۡتَرِفۡ حَسَنَةٗ نَّزِدۡ لَهُۥ فِيهَا حُسۡنًاۚ إِنَّ ٱللَّهَ غَفُورٞ شَكُورٌ

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്റെ ദാസന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന ശുഭവാര്‍ത്തയാണിത്. പറയുക: "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്തബന്ധത്തിന്റെ പേരിലുള്ള ആത്മാര്‍ഥമായ സ്നേഹമല്ലാതെ." ആരെങ്കിലും വല്ല നന്മയും നേടുകയാണെങ്കില്‍ നാമതില്‍ വര്‍ധനവ് വരുത്തും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്
Surah Ash-Shura, Verse 23


أَمۡ يَقُولُونَ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗاۖ فَإِن يَشَإِ ٱللَّهُ يَخۡتِمۡ عَلَىٰ قَلۡبِكَۗ وَيَمۡحُ ٱللَّهُ ٱلۡبَٰطِلَ وَيُحِقُّ ٱلۡحَقَّ بِكَلِمَٰتِهِۦٓۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ

അല്ല; ഈ പ്രവാചകന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുവെന്നാണോ ഇക്കൂട്ടര്‍ പറയുന്നത്? എന്നാല്‍ അറിയുക; അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിന്റെ മനസ്സിനും അവന്‍ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ തുടച്ചുനീക്കുന്നു. സത്യത്തെ തന്റെ വചനങ്ങളിലൂടെ സ്ഥാപിക്കുന്നു. സംശയമില്ല; അവന്‍ മനസ്സിനുള്ളിലുള്ളതെല്ലാം നന്നായറിയുന്നവനാണ്
Surah Ash-Shura, Verse 24


وَهُوَ ٱلَّذِي يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَعۡفُواْ عَنِ ٱلسَّيِّـَٔاتِ وَيَعۡلَمُ مَا تَفۡعَلُونَ

അവനാണ് തന്റെ ദാസന്മാരുടെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍. പാപകൃത്യങ്ങള്‍ പൊറുത്തുകൊടുക്കുന്നവനും അവന്‍ തന്നെ. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണവന്‍
Surah Ash-Shura, Verse 25


وَيَسۡتَجِيبُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَيَزِيدُهُم مِّن فَضۡلِهِۦۚ وَٱلۡكَٰفِرُونَ لَهُمۡ عَذَابٞ شَدِيدٞ

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ പ്രാര്‍ഥനകള്‍ക്ക് അവനുത്തരം നല്‍കുന്നു. അവര്‍ക്ക് തന്റെ അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുകൊടുക്കുന്നു. സത്യനിഷേധികളോ, അവര്‍ക്ക് കൊടിയ ശിക്ഷയാണുണ്ടാവുക
Surah Ash-Shura, Verse 26


۞وَلَوۡ بَسَطَ ٱللَّهُ ٱلرِّزۡقَ لِعِبَادِهِۦ لَبَغَوۡاْ فِي ٱلۡأَرۡضِ وَلَٰكِن يُنَزِّلُ بِقَدَرٖ مَّا يَشَآءُۚ إِنَّهُۥ بِعِبَادِهِۦ خَبِيرُۢ بَصِيرٞ

അല്ലാഹു തന്റെ ദാസന്മാര്‍ക്കെല്ലാം വിഭവം സുലഭമായി നല്‍കിയിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം കാണിക്കുമായിരുന്നു. എന്നാല്‍ അവന്‍ താനിച്ഛിക്കുന്നവര്‍ക്ക് നിശ്ചിത തോതനുസരിച്ച് അതിറക്കിക്കൊടുക്കുന്നു. സംശയമില്ല; അവന്‍ തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. സ്പഷ്ടമായി കാണുന്നവനും
Surah Ash-Shura, Verse 27


وَهُوَ ٱلَّذِي يُنَزِّلُ ٱلۡغَيۡثَ مِنۢ بَعۡدِ مَا قَنَطُواْ وَيَنشُرُ رَحۡمَتَهُۥۚ وَهُوَ ٱلۡوَلِيُّ ٱلۡحَمِيدُ

ജനം നന്നെ നിരാശരായിക്കഴിഞ്ഞാല്‍ അവര്‍ക്കു മഴ വീഴ്ത്തിക്കൊടുക്കുന്നത് അവനാണ്. തന്റെ അനുഗ്രഹം വിപുലമാക്കുന്നവനുമാണവന്‍. രക്ഷകനും സ്തുത്യര്‍ഹനും അവന്‍ തന്നെ
Surah Ash-Shura, Verse 28


وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَثَّ فِيهِمَا مِن دَآبَّةٖۚ وَهُوَ عَلَىٰ جَمۡعِهِمۡ إِذَا يَشَآءُ قَدِيرٞ

ആകാശഭൂമികളെ സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്. അവനിച്ഛിക്കുമ്പോള്‍ അവരെയൊക്കെ ഒരുമിച്ചുകൂട്ടാന്‍ കഴിവുറ്റവനാണവന്‍
Surah Ash-Shura, Verse 29


وَمَآ أَصَٰبَكُم مِّن مُّصِيبَةٖ فَبِمَا كَسَبَتۡ أَيۡدِيكُمۡ وَيَعۡفُواْ عَن كَثِيرٖ

നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. പല പാപങ്ങളുമവന്‍ പൊറുത്തുതരുന്നുമുണ്ട്
Surah Ash-Shura, Verse 30


وَمَآ أَنتُم بِمُعۡجِزِينَ فِي ٱلۡأَرۡضِۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ

ഈ ഭൂമിയില്‍ വെച്ച് നിങ്ങള്‍ക്ക് അല്ലാഹുവെ തോല്‍പിക്കാനാവില്ല. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല
Surah Ash-Shura, Verse 31


وَمِنۡ ءَايَٰتِهِ ٱلۡجَوَارِ فِي ٱلۡبَحۡرِ كَٱلۡأَعۡلَٰمِ

കടലില്‍ മലകള്‍പോലെ കാണുന്ന കപ്പലുകള്‍ അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്
Surah Ash-Shura, Verse 32


إِن يَشَأۡ يُسۡكِنِ ٱلرِّيحَ فَيَظۡلَلۡنَ رَوَاكِدَ عَلَىٰ ظَهۡرِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٍ

അവനിച്ഛിക്കുമ്പോള്‍ അവന്‍ കാറ്റിനെ ഒതുക്കിനിര്‍ത്തുന്നു. അപ്പോള്‍ ആ കപ്പലുകള്‍ കടല്‍പ്പരപ്പില്‍ അനക്കമറ്റു നിന്നുപോകുന്നു. നന്നായി ക്ഷമിക്കുന്നവര്‍ക്കും നന്ദി കാണിക്കുന്നവര്‍ക്കും നിശ്ചയമായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്
Surah Ash-Shura, Verse 33


أَوۡ يُوبِقۡهُنَّ بِمَا كَسَبُواْ وَيَعۡفُ عَن كَثِيرٖ

അല്ലെങ്കില്‍ അതിലെ യാത്രക്കാര്‍ പ്രവര്‍ത്തിച്ച പാപങ്ങളുടെ പേരില്‍ അവനവയെ നശിപ്പിച്ചേക്കാം. എന്നാല്‍ ഏറെയും അവന്‍ മാപ്പാക്കുന്നു
Surah Ash-Shura, Verse 34


وَيَعۡلَمَ ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِنَا مَا لَهُم مِّن مَّحِيصٖ

നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവര്‍ക്ക് അപ്പോള്‍ ബോധ്യമാകും; തങ്ങള്‍ക്കൊരു രക്ഷാകേന്ദ്രവുമില്ലെന്ന്
Surah Ash-Shura, Verse 35


فَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰ لِلَّذِينَ ءَامَنُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ

നിങ്ങള്‍ക്കു നല്‍കിയതെന്തും ഐഹികജീവിതത്തിലെ താല്‍ക്കാലികവിഭവം മാത്രമാണ്. അല്ലാഹുവിന്റെ അടുത്തുളളതാണ് കൂടുതലുത്തമം. എന്നെന്നും നിലനില്‍ക്കുന്നതും അതുതന്നെ. അത് സത്യവിശ്വാസം സ്വീകരിക്കുകയും തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ്
Surah Ash-Shura, Verse 36


وَٱلَّذِينَ يَجۡتَنِبُونَ كَبَـٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ وَإِذَا مَا غَضِبُواْ هُمۡ يَغۡفِرُونَ

വന്‍പാപങ്ങളില്‍ നിന്നും നീചകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരാണവര്‍. കോപം വരുമ്പോള്‍ മാപ്പേകുന്നവരും
Surah Ash-Shura, Verse 37


وَٱلَّذِينَ ٱسۡتَجَابُواْ لِرَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَمۡرُهُمۡ شُورَىٰ بَيۡنَهُمۡ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ

തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണ്
Surah Ash-Shura, Verse 38


وَٱلَّذِينَ إِذَآ أَصَابَهُمُ ٱلۡبَغۡيُ هُمۡ يَنتَصِرُونَ

തങ്ങള്‍ അതിക്രമങ്ങള്‍ക്കിരയായാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവരും
Surah Ash-Shura, Verse 39


وَجَزَـٰٓؤُاْ سَيِّئَةٖ سَيِّئَةٞ مِّثۡلُهَاۖ فَمَنۡ عَفَا وَأَصۡلَحَ فَأَجۡرُهُۥ عَلَى ٱللَّهِۚ إِنَّهُۥ لَا يُحِبُّ ٱلظَّـٰلِمِينَ

തിന്മക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മ തന്നെ. എന്നാല്‍ ആരെങ്കിലും മാപ്പേകുകയും യോജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അവന് പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ ബാധ്യതയത്രേ. അവന്‍ അക്രമികളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല
Surah Ash-Shura, Verse 40


وَلَمَنِ ٱنتَصَرَ بَعۡدَ ظُلۡمِهِۦ فَأُوْلَـٰٓئِكَ مَا عَلَيۡهِم مِّن سَبِيلٍ

അക്രമത്തിനിരയായവര്‍ ആത്മരക്ഷാപ്രവര്‍ത്തനം നടത്തുന്നുവെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ കുറ്റക്കാരല്ല
Surah Ash-Shura, Verse 41


إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظۡلِمُونَ ٱلنَّاسَ وَيَبۡغُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّۚ أُوْلَـٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ

ജനങ്ങളെ ദ്രോഹിക്കുകയും അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് കുറ്റക്കാര്‍. അത്തരക്കാര്‍ക്കു തന്നെയാണ് നോവേറിയ ശിക്ഷയുള്ളത്
Surah Ash-Shura, Verse 42


وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنۡ عَزۡمِ ٱلۡأُمُورِ

എന്നാല്‍ ആരെങ്കിലും ക്ഷമിക്കുകയും പൊറുക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് ഇച്ഛാശക്തി ആവശ്യമുള്ള കാര്യങ്ങളില്‍പെട്ടതുതന്നെ
Surah Ash-Shura, Verse 43


وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن وَلِيّٖ مِّنۢ بَعۡدِهِۦۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُاْ ٱلۡعَذَابَ يَقُولُونَ هَلۡ إِلَىٰ مَرَدّٖ مِّن سَبِيلٖ

അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കുകയാണെങ്കില്‍ പിന്നെ, അയാളെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. ശിക്ഷ നേരില്‍ കാണുംനേരം അക്രമികള്‍ “ഒരു തിരിച്ചുപോക്കിനു വല്ല വഴിയുമുണ്ടോ” എന്നു ചോദിക്കുന്നതായി നിനക്കു കാണാം
Surah Ash-Shura, Verse 44


وَتَرَىٰهُمۡ يُعۡرَضُونَ عَلَيۡهَا خَٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرۡفٍ خَفِيّٖۗ وَقَالَ ٱلَّذِينَ ءَامَنُوٓاْ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِي عَذَابٖ مُّقِيمٖ

നാണക്കേടിനാല്‍ തലകുനിച്ചവരായി നരകത്തിനു മുമ്പിലവരെ ഹാജരാക്കുന്നത് നിനക്കു കാണാം. ഒളികണ്ണിട്ട് അവര്‍ നരകത്തെ നോക്കും. അപ്പോള്‍ സത്യവിശ്വാസികള്‍ പറയും: "ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തങ്ങളെയും തങ്ങളുടെ സ്വന്തക്കാരെയും നഷ്ടത്തില്‍പെടുത്തിയവര്‍തന്നെയാണ് തീര്‍ച്ചയായും തുലഞ്ഞവര്‍." അറിയുക: അക്രമികളെന്നെന്നും കഠിനശിക്ഷയിലായിരിക്കും
Surah Ash-Shura, Verse 45


وَمَا كَانَ لَهُم مِّنۡ أَوۡلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ

അല്ലാഹുവെ കൂടാതെ തങ്ങളെ തുണക്കുന്ന രക്ഷാധികാരികളാരും അന്ന് അവര്‍ക്കുണ്ടാവുകയില്ല. അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കിയാല്‍ പിന്നെ അവന്നു രക്ഷാമാര്‍ഗമൊന്നുമില്ല
Surah Ash-Shura, Verse 46


ٱسۡتَجِيبُواْ لِرَبِّكُم مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۚ مَا لَكُم مِّن مَّلۡجَإٖ يَوۡمَئِذٖ وَمَا لَكُم مِّن نَّكِيرٖ

അല്ലാഹുവില്‍ നിന്ന് ആരാലും തട്ടിമാറ്റാനാവാത്ത ഒരു ദിനം വന്നെത്തും മുമ്പെ നിങ്ങള്‍ നിങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുക. അന്നാളില്‍ നിങ്ങള്‍ക്കൊരഭയകേന്ദ്രവുമുണ്ടാവുകയില്ല. നിങ്ങളുടെ ദുരവസ്ഥക്ക് അറുതിവരുത്താനും ആരുമുണ്ടാവില്ല
Surah Ash-Shura, Verse 47


فَإِنۡ أَعۡرَضُواْ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظًاۖ إِنۡ عَلَيۡكَ إِلَّا ٱلۡبَلَٰغُۗ وَإِنَّآ إِذَآ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ فَرِحَ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَإِنَّ ٱلۡإِنسَٰنَ كَفُورٞ

അഥവാ, ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍, നിന്നെ നാം അവരുടെ സംരക്ഷകനായൊന്നും അയച്ചിട്ടില്ല. നിന്റെ ബാധ്യത സന്ദേശമെത്തിക്കല്‍ മാത്രമാണ്. മനുഷ്യനെ നാം നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിലവന്‍ മതിമറന്നാഹ്ളാദിക്കുന്നു. എന്നാല്‍ തങ്ങളുടെ തന്നെ കൈക്കുറ്റങ്ങള്‍ കാരണമായി വല്ല വിപത്തും വന്നുപെട്ടാലോ, അപ്പോഴേക്കും മനുഷ്യന്‍ പറ്റെ നന്ദികെട്ടവനായിത്തീരുന്നു
Surah Ash-Shura, Verse 48


لِّلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ يَخۡلُقُ مَا يَشَآءُۚ يَهَبُ لِمَن يَشَآءُ إِنَٰثٗا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു
Surah Ash-Shura, Verse 49


أَوۡ يُزَوِّجُهُمۡ ذُكۡرَانٗا وَإِنَٰثٗاۖ وَيَجۡعَلُ مَن يَشَآءُ عَقِيمًاۚ إِنَّهُۥ عَلِيمٞ قَدِيرٞ

അല്ലെങ്കില്‍ അവനവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും
Surah Ash-Shura, Verse 50


۞وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحۡيًا أَوۡ مِن وَرَآيِٕ حِجَابٍ أَوۡ يُرۡسِلَ رَسُولٗا فَيُوحِيَ بِإِذۡنِهِۦ مَا يَشَآءُۚ إِنَّهُۥ عَلِيٌّ حَكِيمٞ

അല്ലാഹു ഒരു മനുഷ്യനോടും നേര്‍ക്കുനേരെ സംസാരിക്കാറില്ല. അതുണ്ടാവുന്നത് ഒന്നുകില്‍ ദിവ്യബോധനത്തിലൂടെയാണ്. അല്ലെങ്കില്‍ മറയ്ക്കുപിന്നില്‍ നിന്ന്, അതുമല്ലെങ്കില്‍ ഒരു ദൂതനെ അയച്ചുകൊണ്ട്. അങ്ങനെ അല്ലാഹുവിന്റെ അനുമതിയോടെ അവനിച്ഛിക്കുന്നത് ആ ദൂതനിലൂടെ ബോധനം നല്‍കുന്നു. സംശയമില്ല; അല്ലാഹു അത്യുന്നതനാണ്. യുക്തിമാനും
Surah Ash-Shura, Verse 51


وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ رُوحٗا مِّنۡ أَمۡرِنَاۚ مَا كُنتَ تَدۡرِي مَا ٱلۡكِتَٰبُ وَلَا ٱلۡإِيمَٰنُ وَلَٰكِن جَعَلۡنَٰهُ نُورٗا نَّهۡدِي بِهِۦ مَن نَّشَآءُ مِنۡ عِبَادِنَاۚ وَإِنَّكَ لَتَهۡدِيٓ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ

ഇവ്വിധം നാം നിനക്ക് നമ്മുടെ കല്‍പനയാല്‍ ചൈതന്യവത്തായ ഒരു സന്ദേശം ബോധനം നല്‍കിയിരിക്കുന്നു. വേദപുസ്തകത്തെപ്പറ്റിയോ സത്യവിശ്വാസത്തെ സംബന്ധിച്ചോ നിനക്കൊന്നുമറിയുമായിരുന്നില്ല. അങ്ങനെ ആ സന്ദേശത്തെ നാമൊരു വെളിച്ചമാക്കിയിരിക്കുന്നു. അതുവഴി നമ്മുടെ ദാസന്മാരില്‍ നിന്ന് നാം ഇച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു. തീര്‍ച്ചയായും നീ നേര്‍മാര്‍ഗത്തിലേക്കാണ് വഴി നടത്തുന്നത്
Surah Ash-Shura, Verse 52


صِرَٰطِ ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلۡأُمُورُ

ആകാശഭൂമികളിലുള്ളവയുടെയെല്ലാം ഉടമയായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്. അറിയുക: കാര്യങ്ങളൊക്കെയും മടങ്ങിയെത്തുക അല്ലാഹുവിങ്കലാണ്
Surah Ash-Shura, Verse 53


Author: Muhammad Karakunnu And Vanidas Elayavoor


<< Surah 41
>> Surah 43

Malayalam Translations by other Authors


Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Popular Areas
Apartments for rent in Dubai Apartments for rent Abu Dhabi Villas for rent in Dubai House for rent Abu Dhabi Apartments for sale in Dubai Apartments for sale in Abu Dhabi Flat for rent Sharjah
Popular Searches
Studios for rent in UAE Apartments for rent in UAE Villas for rent in UAE Apartments for sale in UAE Villas for sale in UAE Land for sale in UAE Dubai Real Estate
Trending Areas
Apartments for rent in Dubai Marina Apartments for sale in Dubai Marina Villa for rent in Sharjah Villa for sale in Dubai Flat for rent in Ajman Studio for rent in Abu Dhabi Villa for rent in Ajman
Trending Searches
Villa for rent in Abu Dhabi Shop for rent in Dubai Villas for sale in Ajman Studio for rent in Sharjah 1 Bedroom Apartment for rent in Dubai Property for rent in Abu Dhabi Commercial properties for sale
© Copyright Dubai Prayer Time. All Rights Reserved
Designed by Prayer Time In Dubai