UAE Prayer Times

  • Dubai
  • Abu Dhabi
  • Sharjah
  • Ajman
  • Fujairah
  • Umm Al Quwain
  • Ras Al Khaimah
  • Quran Translations

Surah Al-Ahqaf - Malayalam Translation by Muhammad Karakunnu And Vanidas Elayavoor


حمٓ

ഹാ-മീം
Surah Al-Ahqaf, Verse 1


تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ

ഈ വേദ പുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്നാകുന്നു
Surah Al-Ahqaf, Verse 2


مَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۚ وَٱلَّذِينَ كَفَرُواْ عَمَّآ أُنذِرُواْ مُعۡرِضُونَ

ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും യാഥാര്‍ഥ്യ നിഷ്ഠമായും കാലാവധി നിര്‍ണയിച്ചുമല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ സത്യനിഷേധികള്‍ തങ്ങള്‍ക്കു നല്‍കപ്പെട്ട താക്കീതുകളെ അപ്പാടെ അവഗണിക്കുന്നവരാണ്
Surah Al-Ahqaf, Verse 3


قُلۡ أَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِۖ ٱئۡتُونِي بِكِتَٰبٖ مِّن قَبۡلِ هَٰذَآ أَوۡ أَثَٰرَةٖ مِّنۡ عِلۡمٍ إِن كُنتُمۡ صَٰدِقِينَ

ചോദിക്കുക: അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവരെന്തു സൃഷ്ടിച്ചുവെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചു തരിക. അതല്ല; ആകാശങ്ങളുടെ സൃഷ്ടിയില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? തെളിവായി ഇതിനു മുമ്പുള്ള ഏതെങ്കിലും വേദമോ അറിവിന്റെ വല്ല ശേഷിപ്പോ ഉണ്ടെങ്കില്‍ അതിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാദികളെങ്കില്‍
Surah Al-Ahqaf, Verse 4


وَمَنۡ أَضَلُّ مِمَّن يَدۡعُواْ مِن دُونِ ٱللَّهِ مَن لَّا يَسۡتَجِيبُ لَهُۥٓ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ وَهُمۡ عَن دُعَآئِهِمۡ غَٰفِلُونَ

അല്ലാഹുവെ വിട്ട്, അന്ത്യനാള്‍ വരെ കാത്തിരുന്നാലും ഉത്തരമേകാത്തവയോട് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിതെറ്റിയവനാരുണ്ട്? അവരോ, ഇവരുടെ പ്രാര്‍ഥനയെപ്പറ്റി തീര്‍ത്തും അശ്രദ്ധരാണ്
Surah Al-Ahqaf, Verse 5


وَإِذَا حُشِرَ ٱلنَّاسُ كَانُواْ لَهُمۡ أَعۡدَآءٗ وَكَانُواْ بِعِبَادَتِهِمۡ كَٰفِرِينَ

മനുഷ്യരെയൊക്കെയും ഒരുമിച്ചുകൂട്ടുമ്പോള്‍ ആ ആരാധ്യര്‍ ഈ ആരാധകരുടെ വിരോധികളായിരിക്കും; ഇവര്‍ തങ്ങളെ ആരാധിച്ചുകൊണ്ടിരുന്നവരാണെന്ന കാര്യം തള്ളിപ്പറയുന്നവരും
Surah Al-Ahqaf, Verse 6


وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلۡحَقِّ لَمَّا جَآءَهُمۡ هَٰذَا سِحۡرٞ مُّبِينٌ

നമ്മുടെ തെളിവുറ്റ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, തങ്ങള്‍ക്കു വന്നെത്തിയ ആ സത്യത്തെ നിഷേധിച്ചവര്‍ പറയും: ഇത് പ്രകടമായ മായാജാലം തന്നെ
Surah Al-Ahqaf, Verse 7


أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَلَا تَمۡلِكُونَ لِي مِنَ ٱللَّهِ شَيۡـًٔاۖ هُوَ أَعۡلَمُ بِمَا تُفِيضُونَ فِيهِۚ كَفَىٰ بِهِۦ شَهِيدَۢا بَيۡنِي وَبَيۡنَكُمۡۖ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ

അല്ല; ഇത് ദൈവദൂതന്‍ ചമച്ചുണ്ടാക്കിയതാണെന്നാണോ ആ സത്യനിഷേധികള്‍ വാദിക്കുന്നത്? പറയുക: ഞാനിത് സ്വയം ചമച്ചുണ്ടാക്കിയതാണെങ്കില്‍ അല്ലാഹുവില്‍ നിന്നെന്നെ കാക്കാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ പറഞ്ഞുപരത്തുന്നവയെപ്പറ്റി ഏറ്റവും നന്നായറിയുന്നവന്‍ അല്ലാഹുവാണ്. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ മതി. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു
Surah Al-Ahqaf, Verse 8


قُلۡ مَا كُنتُ بِدۡعٗا مِّنَ ٱلرُّسُلِ وَمَآ أَدۡرِي مَا يُفۡعَلُ بِي وَلَا بِكُمۡۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّ وَمَآ أَنَا۠ إِلَّا نَذِيرٞ مُّبِينٞ

പറയുക: ദൈവദൂതന്മാരില്‍ ആദ്യത്തെവനൊന്നുമല്ല ഞാന്‍. എനിക്കും നിങ്ങള്‍ക്കും എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കറിയില്ല. എനിക്കു ബോധനമായി നല്‍കപ്പെടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍. വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതാരുമല്ല ഞാന്‍
Surah Al-Ahqaf, Verse 9


قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ وَكَفَرۡتُم بِهِۦ وَشَهِدَ شَاهِدٞ مِّنۢ بَنِيٓ إِسۡرَـٰٓءِيلَ عَلَىٰ مِثۡلِهِۦ فَـَٔامَنَ وَٱسۡتَكۡبَرۡتُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ

ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചോ? ഇതു ദൈവത്തില്‍നിന്നുള്ളതു തന്നെ ആവുകയും എന്നിട്ട് നിങ്ങളതിനെ നിഷേധിക്കുകയുമാണെങ്കിലോ? ഇങ്ങനെ ഒന്നിന് ഇസ്രായേല്‍ മക്കളിലെ ഒരു സാക്ഷി തെളിവു നല്‍കിയിട്ടുണ്ട്. അങ്ങനെ അയാള്‍ വിശ്വസിച്ചു. നിങ്ങളോ ഗര്‍വ് നടിച്ചു. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
Surah Al-Ahqaf, Verse 10


وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ لَوۡ كَانَ خَيۡرٗا مَّا سَبَقُونَآ إِلَيۡهِۚ وَإِذۡ لَمۡ يَهۡتَدُواْ بِهِۦ فَسَيَقُولُونَ هَٰذَآ إِفۡكٞ قَدِيمٞ

സത്യവിശ്വാസികളോട് സത്യനിഷേധികള്‍ പറഞ്ഞു: "ഈ ഖുര്‍ആന്‍ നല്ലതായിരുന്നെങ്കില്‍ ഇതിലിവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നില്ല." ഇതുവഴി അവര്‍ നേര്‍വഴിയിലാകാത്തതിനാല്‍ അവര്‍ പറയും: "ഇതൊരു പഴഞ്ചന്‍ കെട്ടുകഥതന്നെ
Surah Al-Ahqaf, Verse 11


وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةٗۚ وَهَٰذَا كِتَٰبٞ مُّصَدِّقٞ لِّسَانًا عَرَبِيّٗا لِّيُنذِرَ ٱلَّذِينَ ظَلَمُواْ وَبُشۡرَىٰ لِلۡمُحۡسِنِينَ

ഒരു മാതൃകയും അനുഗ്രഹവുമെന്ന നിലയില്‍ മൂസായുടെ വേദം ഇതിനു മുമ്പേയുള്ളതാണല്ലോ. അതിനെ സത്യപ്പെടുത്തുന്ന അറബി ഭാഷയിലുള്ള വേദപുസ്തകമാണിത്. അക്രമികളെ താക്കീത് ചെയ്യാന്‍. സദ്വൃത്തരെ സുവാര്‍ത്ത അറിയിക്കാനും
Surah Al-Ahqaf, Verse 12


إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേര്‍വഴിയില്‍ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരില്ല
Surah Al-Ahqaf, Verse 13


أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِ خَٰلِدِينَ فِيهَا جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ

അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. അവരിവിടെ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണത്
Surah Al-Ahqaf, Verse 14


وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ إِحۡسَٰنًاۖ حَمَلَتۡهُ أُمُّهُۥ كُرۡهٗا وَوَضَعَتۡهُ كُرۡهٗاۖ وَحَمۡلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهۡرًاۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرۡبَعِينَ سَنَةٗ قَالَ رَبِّ أَوۡزِعۡنِيٓ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِيٓ أَنۡعَمۡتَ عَلَيَّ وَعَلَىٰ وَٰلِدَيَّ وَأَنۡ أَعۡمَلَ صَٰلِحٗا تَرۡضَىٰهُ وَأَصۡلِحۡ لِي فِي ذُرِّيَّتِيٓۖ إِنِّي تُبۡتُ إِلَيۡكَ وَإِنِّي مِنَ ٱلۡمُسۡلِمِينَ

മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. ക്ളേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പതു മാസം. അവനങ്ങനെ കരുത്തനാവുകയും നാല്‍പത് വയസ്സാവുകയും ചെയ്താല്‍ ഇങ്ങനെ പ്രാര്‍ഥിക്കും: "എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നീയെന്നെ തുണയ്ക്കേണമേ; നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും. എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ. ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഉറപ്പായും ഞാന്‍ അനുസരണമുള്ളവരില്‍ പെട്ടവനാണ്
Surah Al-Ahqaf, Verse 15


أُوْلَـٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنۡهُمۡ أَحۡسَنَ مَا عَمِلُواْ وَنَتَجَاوَزُ عَن سَيِّـَٔاتِهِمۡ فِيٓ أَصۡحَٰبِ ٱلۡجَنَّةِۖ وَعۡدَ ٱلصِّدۡقِ ٱلَّذِي كَانُواْ يُوعَدُونَ

അത്തരക്കാരില്‍ നിന്ന് അവരുടെ സുകൃതങ്ങള്‍ നാം സ്വീകരിക്കും. ദുര്‍വൃത്തികളോട് വിട്ടുവീഴ്ച കാണിക്കും. അവര്‍ സ്വര്‍ഗവാസികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്കു നല്‍കിയിരുന്ന സത്യവാഗ്ദാനമനുസരിച്ച്
Surah Al-Ahqaf, Verse 16


وَٱلَّذِي قَالَ لِوَٰلِدَيۡهِ أُفّٖ لَّكُمَآ أَتَعِدَانِنِيٓ أَنۡ أُخۡرَجَ وَقَدۡ خَلَتِ ٱلۡقُرُونُ مِن قَبۡلِي وَهُمَا يَسۡتَغِيثَانِ ٱللَّهَ وَيۡلَكَ ءَامِنۡ إِنَّ وَعۡدَ ٱللَّهِ حَقّٞ فَيَقُولُ مَا هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ

എന്നാല്‍ തന്റെ മാതാപിതാക്കളോട് ഇങ്ങനെ പറയുന്നവനോ; "നിങ്ങള്‍ക്കു നാശം! ഞാന്‍ മരണശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നാണോ നിങ്ങളെന്നോട് വാഗ്ദാനം ചെയ്യുന്നത്? എന്നാല്‍ എനിക്കുമുമ്പേ എത്രയോ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്." അപ്പോള്‍ അവന്റെ മാതാപിതാക്കള്‍ ദൈവസഹായം തേടിക്കൊണ്ടു പറയുന്നു: "നിനക്കു നാശം! നീ വിശ്വസിക്കുക! അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെ. തീര്‍ച്ച." അപ്പോള്‍ അവന്‍ പിറുപിറുക്കും: "ഇതൊക്കെയും പൂര്‍വികരുടെ പഴങ്കഥകള്‍ മാത്രം
Surah Al-Ahqaf, Verse 17


أُوْلَـٰٓئِكَ ٱلَّذِينَ حَقَّ عَلَيۡهِمُ ٱلۡقَوۡلُ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِهِم مِّنَ ٱلۡجِنِّ وَٱلۡإِنسِۖ إِنَّهُمۡ كَانُواْ خَٰسِرِينَ

ഇവരത്രെ ശിക്ഷാവിധി ബാധകമായിക്കഴിഞ്ഞവര്‍. ഇതേവിധം ഇവര്‍ക്കു മുമ്പേ കഴിഞ്ഞുപോയ ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടത്തില്‍ തന്നെയാണിവരും. കൊടും നഷ്ടത്തിലകപ്പെട്ടവരാണിവര്‍
Surah Al-Ahqaf, Verse 18


وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۖ وَلِيُوَفِّيَهُمۡ أَعۡمَٰلَهُمۡ وَهُمۡ لَا يُظۡلَمُونَ

ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിനൊത്ത പദവികളാണുണ്ടാവുക. ഏവര്‍ക്കും തങ്ങളുടെ കര്‍മഫലം തികവോടെ നല്‍കാനാണിത്. ആരും തീരെ അനീതിക്കിരയാവില്ല
Surah Al-Ahqaf, Verse 19


وَيَوۡمَ يُعۡرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَذۡهَبۡتُمۡ طَيِّبَٰتِكُمۡ فِي حَيَاتِكُمُ ٱلدُّنۡيَا وَٱسۡتَمۡتَعۡتُم بِهَا فَٱلۡيَوۡمَ تُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَسۡتَكۡبِرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَبِمَا كُنتُمۡ تَفۡسُقُونَ

സത്യനിഷേധികളെ നരകത്തിനു മുന്നില്‍ കൊണ്ടുവരുന്ന ദിവസം അവരോട് പറയും: ഐഹിക ജീവിതത്തില്‍ തന്നെ നിങ്ങളുടെ വിശിഷ്ട വിഭവങ്ങളൊക്കെയും നിങ്ങള്‍ തുലച്ചുകളഞ്ഞിരിക്കുന്നു. അതിന്റെ ആനന്ദം ആസ്വദിക്കുകയും ചെയ്തു. ഇന്നു നിങ്ങള്‍ക്ക് പ്രതിഫലമായുള്ളത് വളരെ നിന്ദ്യമായ ശിക്ഷയാണ്. നിങ്ങള്‍ അനര്‍ഹമായി ഭൂമിയില്‍ നിഗളിച്ചു നടന്നതിനാലാണിത്. അധര്‍മം പ്രവര്‍ ത്തിച്ചതിനാലും
Surah Al-Ahqaf, Verse 20


۞وَٱذۡكُرۡ أَخَا عَادٍ إِذۡ أَنذَرَ قَوۡمَهُۥ بِٱلۡأَحۡقَافِ وَقَدۡ خَلَتِ ٱلنُّذُرُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦٓ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ

ആദിന്റെ സഹോദരന്റെ വിവരം അറിയിച്ചുകൊടുക്കുക. അഹ്ഖാഫിലെ തന്റെ ജനതക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയ കാര്യം. മുന്നറിയിപ്പുകാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കഴിഞ്ഞുപോയിട്ടുണ്ട്. ആ മുന്നറിയിപ്പിതാ: അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ വഴിപ്പെട്ട് ജീവിക്കരുത്. നിങ്ങളുടെ മേല്‍ ഭീകരനാളിലെ ശിക്ഷ വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു
Surah Al-Ahqaf, Verse 21


قَالُوٓاْ أَجِئۡتَنَا لِتَأۡفِكَنَا عَنۡ ءَالِهَتِنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ

അവര്‍ ചോദിച്ചു: ഞങ്ങളുടെ ദൈവങ്ങളില്‍നിന്ന് ഞങ്ങളെ തെറ്റിക്കാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? എന്നാല്‍ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക! നീ സത്യവാനെങ്കില്‍
Surah Al-Ahqaf, Verse 22


قَالَ إِنَّمَا ٱلۡعِلۡمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرۡسِلۡتُ بِهِۦ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ

അദ്ദേഹം പറഞ്ഞു: അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രം! എന്നെ ഏല്പിച്ചയച്ച സന്ദേശം ഞാനിതാ നിങ്ങള്‍ക്കെത്തിച്ചു തരുന്നു. എന്നാല്‍ തീര്‍ത്തും അവിവേകികളായ ജനമായാണല്ലോ നിങ്ങളെ ഞാന്‍ കാണുന്നത്
Surah Al-Ahqaf, Verse 23


فَلَمَّا رَأَوۡهُ عَارِضٗا مُّسۡتَقۡبِلَ أَوۡدِيَتِهِمۡ قَالُواْ هَٰذَا عَارِضٞ مُّمۡطِرُنَاۚ بَلۡ هُوَ مَا ٱسۡتَعۡجَلۡتُم بِهِۦۖ رِيحٞ فِيهَا عَذَابٌ أَلِيمٞ

അങ്ങനെ ആ ശിക്ഷ ഒരിരുണ്ട മേഘമായി തങ്ങളുടെ താഴ്വരയുടെ നേരെ വരുന്നത് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: "നമുക്കു മഴ തരാന്‍ വരുന്ന മേഘം!" എന്നാല്‍ നിങ്ങള്‍ ധൃതി കൂട്ടിക്കൊണ്ടിരുന്ന കാര്യമാണിത്. നോവേറിയ ശിക്ഷയുടെ കൊടുങ്കാറ്റ്
Surah Al-Ahqaf, Verse 24


تُدَمِّرُ كُلَّ شَيۡءِۭ بِأَمۡرِ رَبِّهَا فَأَصۡبَحُواْ لَا يُرَىٰٓ إِلَّا مَسَٰكِنُهُمۡۚ كَذَٰلِكَ نَجۡزِي ٱلۡقَوۡمَ ٱلۡمُجۡرِمِينَ

അത് തന്റെ നാഥന്റെ കല്‍പനയനുസരിച്ച് സകലതിനെയും തകര്‍ത്ത് തരിപ്പണമാക്കുന്നു. അങ്ങനെ അവരുടെ പാര്‍പ്പിടങ്ങളല്ലാതെ അവരെയാരെയും അവിടെ കാണാതായി. ഇവ്വിധമാണ് കുറ്റവാളികള്‍ക്ക് നാം പ്രതിഫലമേകുന്നത്
Surah Al-Ahqaf, Verse 25


وَلَقَدۡ مَكَّنَّـٰهُمۡ فِيمَآ إِن مَّكَّنَّـٰكُمۡ فِيهِ وَجَعَلۡنَا لَهُمۡ سَمۡعٗا وَأَبۡصَٰرٗا وَأَفۡـِٔدَةٗ فَمَآ أَغۡنَىٰ عَنۡهُمۡ سَمۡعُهُمۡ وَلَآ أَبۡصَٰرُهُمۡ وَلَآ أَفۡـِٔدَتُهُم مِّن شَيۡءٍ إِذۡ كَانُواْ يَجۡحَدُونَ بِـَٔايَٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

നിങ്ങള്‍ക്കു തന്നിട്ടില്ലാത്ത ചില സൌകര്യങ്ങള്‍ നാം അവര്‍ക്ക് നല്‍കിയിരുന്നു. അവര്‍ക്കു നാം കേള്‍വിയും കാഴ്ചയും ബുദ്ധിയുമേകി. എന്നാല്‍ ആ കേള്‍വിയോ കാഴ്ചയോ ബുദ്ധിയോ അവര്‍ക്ക് ഒട്ടും ഉപകരിച്ചില്ല. കാരണം, അവര്‍ അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിച്ചു തള്ളുകയായിരുന്നു. അങ്ങനെ അവര്‍ ഏതിനെയാണോ പരിഹസിച്ചുകൊണ്ടിരുന്നത് അതവരെ വലയം ചെയ്തു
Surah Al-Ahqaf, Verse 26


وَلَقَدۡ أَهۡلَكۡنَا مَا حَوۡلَكُم مِّنَ ٱلۡقُرَىٰ وَصَرَّفۡنَا ٱلۡأٓيَٰتِ لَعَلَّهُمۡ يَرۡجِعُونَ

നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളെയും നാം നശിപ്പിക്കുകയുണ്ടായി. അവര്‍ സത്യത്തിലേക്കു തിരിച്ചുവരാനായി നമ്മുടെ വചനങ്ങള്‍ നാം അവര്‍ക്ക് വിശദമായി വിവരിച്ചുകൊടുത്തിരുന്നു
Surah Al-Ahqaf, Verse 27


فَلَوۡلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ قُرۡبَانًا ءَالِهَةَۢۖ بَلۡ ضَلُّواْ عَنۡهُمۡۚ وَذَٰلِكَ إِفۡكُهُمۡ وَمَا كَانُواْ يَفۡتَرُونَ

അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനായി അവനെക്കൂടാതെ അവര്‍ സ്വീകരിച്ച ദൈവങ്ങള്‍ ശിക്ഷാവേളയില്‍ എന്തുകൊണ്ട് അവരെ സഹായിച്ചില്ല? ആ ദൈവങ്ങള്‍ അവരില്‍നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. ഇതാണ് അവരുടെ പൊള്ളത്തരത്തിന്റെയും അവര്‍ കെട്ടിച്ചമച്ചതിന്റെയും അവസ്ഥ
Surah Al-Ahqaf, Verse 28


وَإِذۡ صَرَفۡنَآ إِلَيۡكَ نَفَرٗا مِّنَ ٱلۡجِنِّ يَسۡتَمِعُونَ ٱلۡقُرۡءَانَ فَلَمَّا حَضَرُوهُ قَالُوٓاْ أَنصِتُواْۖ فَلَمَّا قُضِيَ وَلَّوۡاْ إِلَىٰ قَوۡمِهِم مُّنذِرِينَ

ജിന്നുകളില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ കേട്ടു മനസ്സിലാക്കാനായി നിന്നിലേക്ക് തിരിച്ചുവിട്ടത് ഓര്‍ക്കുക. അങ്ങനെ അതിന് ഹാജറായപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: "നിശ്ശബ്ദത പാലിക്കുക." പിന്നെ അതില്‍നിന്ന് വിരമിച്ചപ്പോള്‍ അവര്‍ സ്വന്തം ജനത്തിലേക്ക് മുന്നറിയിപ്പുകാരായി തിരിച്ചുപോയി
Surah Al-Ahqaf, Verse 29


قَالُواْ يَٰقَوۡمَنَآ إِنَّا سَمِعۡنَا كِتَٰبًا أُنزِلَ مِنۢ بَعۡدِ مُوسَىٰ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ يَهۡدِيٓ إِلَى ٱلۡحَقِّ وَإِلَىٰ طَرِيقٖ مُّسۡتَقِيمٖ

അവര്‍ അറിയിച്ചു: "ഞങ്ങളുടെ സമുദായമേ, ഞങ്ങള്‍ ഒരു വേദഗ്രന്ഥം കേട്ടു. അത് മൂസാക്കുശേഷം അവതീര്‍ണമായതാണ്. മുമ്പുണ്ടായിരുന്ന വേദങ്ങളെ ശരിവെക്കുന്നതും. അത് സത്യത്തിലേക്ക് വഴിനയിക്കുന്നു. നേര്‍വഴിയിലേക്കും
Surah Al-Ahqaf, Verse 30


يَٰقَوۡمَنَآ أَجِيبُواْ دَاعِيَ ٱللَّهِ وَءَامِنُواْ بِهِۦ يَغۡفِرۡ لَكُم مِّن ذُنُوبِكُمۡ وَيُجِرۡكُم مِّنۡ عَذَابٍ أَلِيمٖ

ഞങ്ങളുടെ സമുദായമേ, അല്ലാഹുവിലേക്ക് വിളിക്കുന്നവന് ഉത്തരമേകുക. അദ്ദേഹത്തില്‍ വിശ്വസിക്കുക. എങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുതരും. നോവേറും ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കും
Surah Al-Ahqaf, Verse 31


وَمَن لَّا يُجِبۡ دَاعِيَ ٱللَّهِ فَلَيۡسَ بِمُعۡجِزٖ فِي ٱلۡأَرۡضِ وَلَيۡسَ لَهُۥ مِن دُونِهِۦٓ أَوۡلِيَآءُۚ أُوْلَـٰٓئِكَ فِي ضَلَٰلٖ مُّبِينٍ

അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവന് ആരെങ്കിലും ഉത്തരം നല്‍കുന്നില്ലെങ്കിലോ, അവന് ഈ ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാനൊന്നുമാവില്ല. അല്ലാഹുവല്ലാതെ അവന് രക്ഷകരായി ആരുമില്ല. അവര്‍ വ്യക്തമായ വഴികേടില്‍ തന്നെ
Surah Al-Ahqaf, Verse 32


أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَلَمۡ يَعۡيَ بِخَلۡقِهِنَّ بِقَٰدِرٍ عَلَىٰٓ أَن يُحۡـِۧيَ ٱلۡمَوۡتَىٰۚ بَلَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

അവര്‍ കണ്ടറിയുന്നില്ലേ; ആകാശഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയാലൊട്ടും തളരാത്തവനുമായ അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുറ്റവനാണെന്ന്? അറിയുക: ഉറപ്പായും അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ
Surah Al-Ahqaf, Verse 33


وَيَوۡمَ يُعۡرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَلَيۡسَ هَٰذَا بِٱلۡحَقِّۖ قَالُواْ بَلَىٰ وَرَبِّنَاۚ قَالَ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ

സത്യനിഷേധികളെ നരകത്തിന്നടുത്ത് കൊണ്ടുവരുംനാള്‍ അവരോട് ചോദിക്കും: "ഇതു യാഥാര്‍ഥ്യം തന്നെയല്ലേ?" അവര്‍ പറയും: "അതെ! ഞങ്ങളുടെ നാഥന്‍ തന്നെ സത്യം!" അല്ലാഹു പറയും: "നിങ്ങള്‍ നിഷേധിച്ചിരുന്നതിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക
Surah Al-Ahqaf, Verse 34


فَٱصۡبِرۡ كَمَا صَبَرَ أُوْلُواْ ٱلۡعَزۡمِ مِنَ ٱلرُّسُلِ وَلَا تَسۡتَعۡجِل لَّهُمۡۚ كَأَنَّهُمۡ يَوۡمَ يَرَوۡنَ مَا يُوعَدُونَ لَمۡ يَلۡبَثُوٓاْ إِلَّا سَاعَةٗ مِّن نَّهَارِۭۚ بَلَٰغٞۚ فَهَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلۡفَٰسِقُونَ

അതിനാല്‍ നീ ക്ഷമിക്കുക. ഇഛാശക്തിയുള്ള ദൈവദൂതന്മാര്‍ ക്ഷമിച്ചപോലെ. ഈ സത്യനിഷേധികളുടെ കാര്യത്തില്‍ നീ തിരക്കു കൂട്ടാതിരിക്കുക. അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്ന ശിക്ഷ നേരില്‍ കാണുന്ന ദിവസം അവര്‍ക്കു തോന്നും: തങ്ങള്‍ പകലില്‍നിന്നൊരു വിനാഴിക നേരമല്ലാതെ ഭൂലോകത്ത് വസിച്ചിട്ടില്ലെന്ന്. ഇത് ഒരറിയിപ്പാണ്. ഇനിയും അധര്‍മികളല്ലാതെ ആരെങ്കിലും നാശത്തിന്നര്‍ഹരാകുമോ
Surah Al-Ahqaf, Verse 35


Author: Muhammad Karakunnu And Vanidas Elayavoor


<< Surah 45
>> Surah 47

Malayalam Translations by other Authors


Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Popular Areas
Apartments for rent in Dubai Apartments for rent Abu Dhabi Villas for rent in Dubai House for rent Abu Dhabi Apartments for sale in Dubai Apartments for sale in Abu Dhabi Flat for rent Sharjah
Popular Searches
Studios for rent in UAE Apartments for rent in UAE Villas for rent in UAE Apartments for sale in UAE Villas for sale in UAE Land for sale in UAE Dubai Real Estate
Trending Areas
Apartments for rent in Dubai Marina Apartments for sale in Dubai Marina Villa for rent in Sharjah Villa for sale in Dubai Flat for rent in Ajman Studio for rent in Abu Dhabi Villa for rent in Ajman
Trending Searches
Villa for rent in Abu Dhabi Shop for rent in Dubai Villas for sale in Ajman Studio for rent in Sharjah 1 Bedroom Apartment for rent in Dubai Property for rent in Abu Dhabi Commercial properties for sale
© Copyright Dubai Prayer Time. All Rights Reserved
Designed by Prayer Time In Dubai