UAE Prayer Times

  • Dubai
  • Abu Dhabi
  • Sharjah
  • Ajman
  • Fujairah
  • Umm Al Quwain
  • Ras Al Khaimah
  • Quran Translations

Surah Al-Anbiya - Malayalam Translation by Muhammad Karakunnu And Vanidas Elayavoor


ٱقۡتَرَبَ لِلنَّاسِ حِسَابُهُمۡ وَهُمۡ فِي غَفۡلَةٖ مُّعۡرِضُونَ

ജനത്തിന് അവരുടെ വിചാരണാ വേള വളരെ അടുത്തെത്തിയിരിക്കുന്നു. എന്നിട്ടും അവര്‍ അതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധരാണ്. അതിനെ അപ്പാടെ അവഗണിക്കുന്നവരും
Surah Al-Anbiya, Verse 1


مَا يَأۡتِيهِم مِّن ذِكۡرٖ مِّن رَّبِّهِم مُّحۡدَثٍ إِلَّا ٱسۡتَمَعُوهُ وَهُمۡ يَلۡعَبُونَ

തങ്ങളുടെ നാഥനില്‍നിന്ന് പുതുതായി ഏതു ഉദ്ബോധനം വന്നെത്തുമ്പോഴും അവരത് കേള്‍ക്കുന്നതുതന്നെ കളിതമാശകളില്‍ മുഴുകുന്നവരായാണ്
Surah Al-Anbiya, Verse 2


لَاهِيَةٗ قُلُوبُهُمۡۗ وَأَسَرُّواْ ٱلنَّجۡوَى ٱلَّذِينَ ظَلَمُواْ هَلۡ هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡۖ أَفَتَأۡتُونَ ٱلسِّحۡرَ وَأَنتُمۡ تُبۡصِرُونَ

അശ്രദ്ധമായ മനസ്സോടെയും. ആ അതിക്രമികള്‍ അന്യോന്യം ഇങ്ങനെ അടക്കം പറയുന്നു: "ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ? എന്നിട്ടും നിങ്ങളെന്തിനാണ് ബോധപൂര്‍വം ഈ ജാലവിദ്യയില്‍ ചെന്നുവീഴുന്നത്?”
Surah Al-Anbiya, Verse 3


قَالَ رَبِّي يَعۡلَمُ ٱلۡقَوۡلَ فِي ٱلسَّمَآءِ وَٱلۡأَرۡضِۖ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ

പ്രവാചകന്‍ പറഞ്ഞു: "ആകാശത്തും ഭൂമിയിലും ആരെന്തു പറഞ്ഞാലും അതൊക്കെയും എന്റെ നാഥന്‍ അറിയുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.”
Surah Al-Anbiya, Verse 4


بَلۡ قَالُوٓاْ أَضۡغَٰثُ أَحۡلَٰمِۭ بَلِ ٱفۡتَرَىٰهُ بَلۡ هُوَ شَاعِرٞ فَلۡيَأۡتِنَا بِـَٔايَةٖ كَمَآ أُرۡسِلَ ٱلۡأَوَّلُونَ

അവര്‍ പറയുന്നു: "ഇതൊക്കെ വെറും പൊയ്ക്കിനാവുകളാണ്. അല്ല; ഇവനിത് സ്വയം കെട്ടിച്ചമച്ചതാണ്. ഇയാളൊരു കവിയാണ്. അല്ലെങ്കില്‍ ഇയാള്‍ ഒരു ദൃഷ്ടാന്തം കൊണ്ടുവന്ന് നമ്മെ കാണിക്കട്ടെ. പൂര്‍വപ്രവാചകന്മാര്‍ ചെയ്ത പോലെ.”
Surah Al-Anbiya, Verse 5


مَآ ءَامَنَتۡ قَبۡلَهُم مِّن قَرۡيَةٍ أَهۡلَكۡنَٰهَآۖ أَفَهُمۡ يُؤۡمِنُونَ

എന്നാല്‍ ഇവര്‍ക്കു മുമ്പ് നാം നിശ്ശേഷം നശിപ്പിച്ച ഒരു നാടും വിശ്വസിച്ചിട്ടില്ല. ഇനിയിപ്പോള്‍ ഇവരാണോ വിശ്വസിക്കാന്‍ പോകുന്നത്
Surah Al-Anbiya, Verse 6


وَمَآ أَرۡسَلۡنَا قَبۡلَكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِمۡۖ فَسۡـَٔلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ

നിനക്കു മുമ്പും മനുഷ്യരെത്തന്നെയാണ് നാം ദൂതന്മാരായി നിയോഗിച്ചത്. നാം അവര്‍ക്കു ബോധനം നല്‍കുകയായിരുന്നു. നിങ്ങള്‍ക്കിത് അറിയില്ലെങ്കില്‍ വേദക്കാരോട് ചോദിച്ചുനോക്കുക
Surah Al-Anbiya, Verse 7


وَمَا جَعَلۡنَٰهُمۡ جَسَدٗا لَّا يَأۡكُلُونَ ٱلطَّعَامَ وَمَا كَانُواْ خَٰلِدِينَ

ദൈവദൂതന്മാര്‍ക്കു നാം അന്നം തിന്നാത്ത ശരീരം നല്‍കിയിട്ടില്ല. അവരിവിടെ സ്ഥിരവാസികളുമായിരുന്നില്ല
Surah Al-Anbiya, Verse 8


ثُمَّ صَدَقۡنَٰهُمُ ٱلۡوَعۡدَ فَأَنجَيۡنَٰهُمۡ وَمَن نَّشَآءُ وَأَهۡلَكۡنَا ٱلۡمُسۡرِفِينَ

പിന്നീട് അവരോടുള്ള വാഗ്ദാനം നാം പാലിച്ചു. അങ്ങനെ നാമവരെ രക്ഷിച്ചു; നാം ഉദ്ദേശിച്ച മറ്റുള്ളവരെയും. അതിരു കടന്നവരെ നശിപ്പിക്കുകയും ചെയ്തു
Surah Al-Anbiya, Verse 9


لَقَدۡ أَنزَلۡنَآ إِلَيۡكُمۡ كِتَٰبٗا فِيهِ ذِكۡرُكُمۡۚ أَفَلَا تَعۡقِلُونَ

നിങ്ങള്‍ക്ക് നാം വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതില്‍ നിങ്ങള്‍ക്കുള്ള ഉദ്ബോധനമുണ്ട്. എന്നിട്ടും നിങ്ങള്‍ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലേ
Surah Al-Anbiya, Verse 10


وَكَمۡ قَصَمۡنَا مِن قَرۡيَةٖ كَانَتۡ ظَالِمَةٗ وَأَنشَأۡنَا بَعۡدَهَا قَوۡمًا ءَاخَرِينَ

അതിക്രമത്തിലേര്‍പ്പെട്ട എത്രയെത്ര നാടുകളെയാണ് നാം നിശ്ശേഷം നശിപ്പിച്ചത്! അവര്‍ക്കു ശേഷം നാം മറ്റു ജനവിഭാഗങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നു
Surah Al-Anbiya, Verse 11


فَلَمَّآ أَحَسُّواْ بَأۡسَنَآ إِذَا هُم مِّنۡهَا يَرۡكُضُونَ

നമ്മുടെ ശിക്ഷ അനുഭവിച്ചുതുടങ്ങിയപ്പോള്‍ അവരതാ അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു
Surah Al-Anbiya, Verse 12


لَا تَرۡكُضُواْ وَٱرۡجِعُوٓاْ إِلَىٰ مَآ أُتۡرِفۡتُمۡ فِيهِ وَمَسَٰكِنِكُمۡ لَعَلَّكُمۡ تُسۡـَٔلُونَ

അപ്പോഴവരോടു പറയും: "ഓടേണ്ട. നിങ്ങളനുഭവിച്ചുകൊണ്ടിരുന്ന സുഖസൌകര്യങ്ങളിലേക്കും നിങ്ങളുടെ വസതികളിലേക്കും തന്നെ തിരികെ ചെല്ലുക. നിങ്ങളെ ചോദ്യം ചെയ്തേക്കാം.”
Surah Al-Anbiya, Verse 13


قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا ظَٰلِمِينَ

അവര്‍ പറഞ്ഞു: "അയ്യോ, നമ്മുടെ നാശം! സംശയമില്ല; ഞങ്ങള്‍ അതിക്രമികളായിപ്പോയി.”
Surah Al-Anbiya, Verse 14


فَمَا زَالَت تِّلۡكَ دَعۡوَىٰهُمۡ حَتَّىٰ جَعَلۡنَٰهُمۡ حَصِيدًا خَٰمِدِينَ

അവരുടെ ഈ വിലാപം തുടര്‍ന്നുകൊണ്ടേയിരിക്കും. നാമവരെ കൊയ്തിട്ട വൈക്കോല്‍തുരുമ്പ്പോലെ ആക്കുംവരെ
Surah Al-Anbiya, Verse 15


وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ

ഈ ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കുട്ടിക്കളിയായി ഉണ്ടാക്കിയതല്ല
Surah Al-Anbiya, Verse 16


لَوۡ أَرَدۡنَآ أَن نَّتَّخِذَ لَهۡوٗا لَّٱتَّخَذۡنَٰهُ مِن لَّدُنَّآ إِن كُنَّا فَٰعِلِينَ

നാം ഒരു വിനോദമുണ്ടാക്കാനുദ്ദേശിച്ചിരുന്നെങ്കില്‍ നാം സ്വയം തന്നെ അതു ചെയ്യുമായിരുന്നു. എന്നാല്‍ നാമങ്ങനെ ചെയ്തിട്ടില്ല
Surah Al-Anbiya, Verse 17


بَلۡ نَقۡذِفُ بِٱلۡحَقِّ عَلَى ٱلۡبَٰطِلِ فَيَدۡمَغُهُۥ فَإِذَا هُوَ زَاهِقٞۚ وَلَكُمُ ٱلۡوَيۡلُ مِمَّا تَصِفُونَ

നാം സത്യംകൊണ്ട് അസത്യത്തെ ഇടിക്കുന്നു. അങ്ങനെ അത് അസത്യത്തെ ഉടയ്ക്കുന്നു. അതോടെ അസത്യം അപ്രത്യക്ഷമാകുന്നു. നിങ്ങള്‍ സങ്കല്‍പിച്ചു പറയുന്നതു കാരണം നിങ്ങള്‍ക്കു നാശം
Surah Al-Anbiya, Verse 18


وَلَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَنۡ عِندَهُۥ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَلَا يَسۡتَحۡسِرُونَ

ആകാശഭൂമികളിലുള്ള സകലതും അല്ലാഹുവിന്റേതാണ്. അവന്റെ അടുത്തുള്ളവര്‍ അവന്ന് വഴിപ്പെടുന്നതിലൊട്ടും അഹങ്കരിക്കുന്നില്ല. അവര്‍ ക്ഷീണിക്കുന്നുമില്ല
Surah Al-Anbiya, Verse 19


يُسَبِّحُونَ ٱلَّيۡلَ وَٱلنَّهَارَ لَا يَفۡتُرُونَ

ഇടവേളകളില്ലാതെ രാവും പകലും അവനെ അവര്‍ വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു
Surah Al-Anbiya, Verse 20


أَمِ ٱتَّخَذُوٓاْ ءَالِهَةٗ مِّنَ ٱلۡأَرۡضِ هُمۡ يُنشِرُونَ

ഈ ഭൂമിയില്‍ അവര്‍ സങ്കല്‍പിച്ചുവെച്ച ദൈവങ്ങള്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാനാവുമോ
Surah Al-Anbiya, Verse 21


لَوۡ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَاۚ فَسُبۡحَٰنَ ٱللَّهِ رَبِّ ٱلۡعَرۡشِ عَمَّا يَصِفُونَ

ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും താറുമാറാകുമായിരുന്നു. ഇക്കൂട്ടര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു. സിംഹാസനത്തിന്ന് അധിപനാണവന്‍
Surah Al-Anbiya, Verse 22


لَا يُسۡـَٔلُ عَمَّا يَفۡعَلُ وَهُمۡ يُسۡـَٔلُونَ

അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ആരും ചോദ്യംചെയ്യുകയില്ല. എന്നാല്‍ ഉറപ്പായും അവര്‍ ചോദ്യം ചെയ്യപ്പെടും
Surah Al-Anbiya, Verse 23


أَمِ ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗۖ قُلۡ هَاتُواْ بُرۡهَٰنَكُمۡۖ هَٰذَا ذِكۡرُ مَن مَّعِيَ وَذِكۡرُ مَن قَبۡلِيۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ٱلۡحَقَّۖ فَهُم مُّعۡرِضُونَ

അതല്ല, അവര്‍ അവനെക്കൂടാതെ മറ്റു ദൈവങ്ങളെ സ്വീകരിച്ചിരിക്കയാണോ? പറയുക: "നിങ്ങള്‍ക്കുള്ള തെളിവ് കൊണ്ടുവരൂ. എന്റെ കൂടെയുള്ളവര്‍ക്കുള്ള ഉദ്ബോധനമാണിത്. എന്റെ മുമ്പുള്ളവര്‍ക്കുള്ള ഉദ്ബോധനവും ഇതു തന്നെയായിരുന്നു.” എന്നാല്‍ അവരിലേറെ പേരും സത്യമറിയുന്നില്ല. അതിനാലവര്‍ പിന്തിരിഞ്ഞുകളയുകയാണ്
Surah Al-Anbiya, Verse 24


وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِيٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ

“ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്കു വഴിപ്പെടുക” എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല
Surah Al-Anbiya, Verse 25


وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗاۗ سُبۡحَٰنَهُۥۚ بَلۡ عِبَادٞ مُّكۡرَمُونَ

അവര്‍ പറയുന്നു: "പരമ കാരുണികനായ ദൈവം പുത്രനെ സ്വീകരിച്ചിരിക്കുന്നു.” എന്നാല്‍ അവനെത്ര പരിശുദ്ധന്‍! അവര്‍ അവന്റെ ആദരണീയരായ അടിമകള്‍ മാത്രമാണ്
Surah Al-Anbiya, Verse 26


لَا يَسۡبِقُونَهُۥ بِٱلۡقَوۡلِ وَهُم بِأَمۡرِهِۦ يَعۡمَلُونَ

അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കല്‍പനയനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്
Surah Al-Anbiya, Verse 27


يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ

അവരുടെ മുന്നിലും പിന്നിലുമുള്ള സകലതും അവനറിയുന്നു. അവരുടെ നാഥന്‍ തൃപ്തിപ്പെട്ടവര്‍ക്കു വേണ്ടിയല്ലാതെ ആര്‍ക്കുമവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരോ, അവനോടുള്ള ഭയത്താല്‍ നടുക്കമനുഭവിക്കുന്നവരാണ്
Surah Al-Anbiya, Verse 28


۞وَمَن يَقُلۡ مِنۡهُمۡ إِنِّيٓ إِلَٰهٞ مِّن دُونِهِۦ فَذَٰلِكَ نَجۡزِيهِ جَهَنَّمَۚ كَذَٰلِكَ نَجۡزِي ٱلظَّـٰلِمِينَ

അവരിലാരെങ്കിലും അല്ലാഹുവെക്കൂടാതെ താനും ദൈവമാണെന്ന് വാദിച്ചാല്‍ പ്രതിഫലമായി നാമവന്ന് നരകശിക്ഷ നല്‍കും. അവ്വിധമാണ് നാം അതിക്രമികള്‍ക്ക് പ്രതിഫലം നല്‍കുക
Surah Al-Anbiya, Verse 29


أَوَلَمۡ يَرَ ٱلَّذِينَ كَفَرُوٓاْ أَنَّ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ كَانَتَا رَتۡقٗا فَفَتَقۡنَٰهُمَاۖ وَجَعَلۡنَا مِنَ ٱلۡمَآءِ كُلَّ شَيۡءٍ حَيٍّۚ أَفَلَا يُؤۡمِنُونَ

ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ
Surah Al-Anbiya, Verse 30


وَجَعَلۡنَا فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِهِمۡ وَجَعَلۡنَا فِيهَا فِجَاجٗا سُبُلٗا لَّعَلَّهُمۡ يَهۡتَدُونَ

ഭൂമിയില്‍ നാം പര്‍വതങ്ങളെ ഉറപ്പിച്ചുനിര്‍ത്തി. ഭൂമി അവരെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. നാമതില്‍ സൌകര്യപ്രദവും വിശാലവുമായ വഴികളുണ്ടാക്കി. അവര്‍ക്ക് നേര്‍വഴിയറിയാന്‍
Surah Al-Anbiya, Verse 31


وَجَعَلۡنَا ٱلسَّمَآءَ سَقۡفٗا مَّحۡفُوظٗاۖ وَهُمۡ عَنۡ ءَايَٰتِهَا مُعۡرِضُونَ

മാനത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി. എന്നിട്ടും അവരതിലെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയാണ്
Surah Al-Anbiya, Verse 32


وَهُوَ ٱلَّذِي خَلَقَ ٱلَّيۡلَ وَٱلنَّهَارَ وَٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ فِي فَلَكٖ يَسۡبَحُونَ

രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്. സൂര്യചന്ദ്രന്മാരെ പടച്ചതും അവന്‍തന്നെ. അവയൊക്കെയും ഓരോ സഞ്ചാരപഥത്തില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്
Surah Al-Anbiya, Verse 33


وَمَا جَعَلۡنَا لِبَشَرٖ مِّن قَبۡلِكَ ٱلۡخُلۡدَۖ أَفَإِيْن مِّتَّ فَهُمُ ٱلۡخَٰلِدُونَ

നിനക്ക് മുമ്പ് നാം ഒരു മനുഷ്യന്നും നിത്യത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെന്നു വരികില്‍ അതില്‍ അസാധാരണമായി എന്തുണ്ട്? ഇക്കൂട്ടര്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണോ
Surah Al-Anbiya, Verse 34


كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَنَبۡلُوكُم بِٱلشَّرِّ وَٱلۡخَيۡرِ فِتۡنَةٗۖ وَإِلَيۡنَا تُرۡجَعُونَ

എല്ലാ ജീവികളും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്
Surah Al-Anbiya, Verse 35


وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓاْ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِي يَذۡكُرُ ءَالِهَتَكُمۡ وَهُم بِذِكۡرِ ٱلرَّحۡمَٰنِ هُمۡ كَٰفِرُونَ

നിന്നെ കാണുമ്പോള്‍ പരിഹസിക്കലല്ലാതെ സത്യനിഷേധികള്‍ക്ക് വേറെ പണിയൊന്നുമില്ല. അവര്‍ പുച്ഛത്തോടെ പറയുന്നു: "ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ചോദ്യം ചെയ്യുന്നവന്‍?” എന്നാല്‍, അവര്‍ തന്നെയാണ് പരമകാരുണികനായ അല്ലാഹുവിന്റെ ഉദ്ബോധനത്തെ കള്ളമാക്കി തള്ളുന്നവര്‍
Surah Al-Anbiya, Verse 36


خُلِقَ ٱلۡإِنسَٰنُ مِنۡ عَجَلٖۚ سَأُوْرِيكُمۡ ءَايَٰتِي فَلَا تَسۡتَعۡجِلُونِ

ധൃതി കാട്ടുന്നവനായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. വൈകാതെ തന്നെ ഞാനെന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു കാട്ടിത്തരും. അതിനാല്‍ നിങ്ങളെന്നോട് ധൃതികൂട്ടേണ്ടതില്ല
Surah Al-Anbiya, Verse 37


وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ

അവര്‍ ചോദിക്കുന്നു: "നിങ്ങളുടെ ഈ വാഗ്ദാനം എപ്പോഴാണ് പുലരുക? നിങ്ങള്‍ സത്യസന്ധരെങ്കില്‍.”
Surah Al-Anbiya, Verse 38


لَوۡ يَعۡلَمُ ٱلَّذِينَ كَفَرُواْ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمۡ وَلَا هُمۡ يُنصَرُونَ

തങ്ങളുടെ മുഖങ്ങളെയും മുതുകുകളെയും നരകത്തീയില്‍ നിന്ന് തടുക്കാനാവാത്ത, എങ്ങുനിന്നും ഒരു സഹായവും കിട്ടാത്ത അവസ്ഥയെ സംബന്ധിച്ച് സത്യനിഷേധികള്‍ അറിഞ്ഞിരുന്നെങ്കില്‍
Surah Al-Anbiya, Verse 39


بَلۡ تَأۡتِيهِم بَغۡتَةٗ فَتَبۡهَتُهُمۡ فَلَا يَسۡتَطِيعُونَ رَدَّهَا وَلَا هُمۡ يُنظَرُونَ

എന്നാല്‍ വളരെ പെട്ടെന്നായിരിക്കും അതവരില്‍ വന്നെത്തുക. അപ്പോള്‍ അതവരെ അമ്പരപ്പിക്കും. അതിനെ തടുക്കാനവര്‍ക്കാവില്ല. അവര്‍ക്കൊട്ടും അവസരംനല്‍കുകയുമില്ല
Surah Al-Anbiya, Verse 40


وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

നിനക്കു മുമ്പും പല പ്രവാചകന്മാരും ഇവ്വിധം പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, തങ്ങള്‍ ഏതൊന്നിനെപ്പറ്റിയാണോ പരിഹസിച്ചുകൊണ്ടിരുന്നത് ആ ശിക്ഷ പരിഹസിച്ചിരുന്നവരെ പിടികൂടുക തന്നെ ചെയ്തു
Surah Al-Anbiya, Verse 41


قُلۡ مَن يَكۡلَؤُكُم بِٱلَّيۡلِ وَٱلنَّهَارِ مِنَ ٱلرَّحۡمَٰنِۚ بَلۡ هُمۡ عَن ذِكۡرِ رَبِّهِم مُّعۡرِضُونَ

ചോദിക്കുക: രാവിലാവട്ടെ പകലിലാവട്ടെ, പരമ ദയാലുവായ അല്ലാഹുവിന്റെ പിടുത്തത്തില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ കഴിയുന്ന ആരുണ്ട്? എന്നിട്ടും അവര്‍ തങ്ങളുടെ നാഥന്റെ ഉദ്ബോധനം അവഗണിച്ചുതള്ളുകയാണ്
Surah Al-Anbiya, Verse 42


أَمۡ لَهُمۡ ءَالِهَةٞ تَمۡنَعُهُم مِّن دُونِنَاۚ لَا يَسۡتَطِيعُونَ نَصۡرَ أَنفُسِهِمۡ وَلَا هُم مِّنَّا يُصۡحَبُونَ

അതല്ല; നമ്മെക്കൂടാതെ അവരെ സംരക്ഷിക്കുന്ന വല്ലദൈവങ്ങളും അവര്‍ക്കുണ്ടോ? എന്നാല്‍ ആ ദൈവങ്ങള്‍ക്ക് തങ്ങളെത്തന്നെ രക്ഷിക്കാനാവില്ലെന്നതാണ് സത്യം. നമ്മുടെ സഹായം അവര്‍ക്കൊട്ടും കിട്ടുകയുമില്ല
Surah Al-Anbiya, Verse 43


بَلۡ مَتَّعۡنَا هَـٰٓؤُلَآءِ وَءَابَآءَهُمۡ حَتَّىٰ طَالَ عَلَيۡهِمُ ٱلۡعُمُرُۗ أَفَلَا يَرَوۡنَ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَآۚ أَفَهُمُ ٱلۡغَٰلِبُونَ

നാം അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും ജീവിതസുഖം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ അവരുടെ കാലം ഏറെ നീണ്ടുപോയി. നാം ഈ ഭൂമിയെ അതിന്റെ ചുറ്റു നിന്നും ചുരുക്കിക്കൊണ്ടുവരുന്നത് ഇക്കൂട്ടര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ തന്നെ വിജയം വരിക്കുമെന്നോ
Surah Al-Anbiya, Verse 44


قُلۡ إِنَّمَآ أُنذِرُكُم بِٱلۡوَحۡيِۚ وَلَا يَسۡمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ

പറയുക: "ദിവ്യ സന്ദേശമനുസരിച്ച് മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.” പക്ഷേ, മുന്നറിയിപ്പ് നല്‍കുമ്പോള്‍ കാതുപൊട്ടന്മാര്‍ ആ വിളി കേള്‍ക്കുകയില്ല
Surah Al-Anbiya, Verse 45


وَلَئِن مَّسَّتۡهُمۡ نَفۡحَةٞ مِّنۡ عَذَابِ رَبِّكَ لَيَقُولُنَّ يَٰوَيۡلَنَآ إِنَّا كُنَّا ظَٰلِمِينَ

നിന്റെ നാഥന്റെ ശിക്ഷയില്‍നിന്ന് ഒരു നേരിയ കാറ്റ് അവരെ സ്പര്‍ശിച്ചാല്‍ അവരിങ്ങനെ വിലപിക്കും: "ഞങ്ങളുടെ ഭാഗ്യദോഷം! ഉറപ്പായും ഞങ്ങള്‍ അതിക്രമികളായിപ്പോയല്ലോ.”
Surah Al-Anbiya, Verse 46


وَنَضَعُ ٱلۡمَوَٰزِينَ ٱلۡقِسۡطَ لِيَوۡمِ ٱلۡقِيَٰمَةِ فَلَا تُظۡلَمُ نَفۡسٞ شَيۡـٔٗاۖ وَإِن كَانَ مِثۡقَالَ حَبَّةٖ مِّنۡ خَرۡدَلٍ أَتَيۡنَا بِهَاۗ وَكَفَىٰ بِنَا حَٰسِبِينَ

ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം കൃത്യതയുള്ള തുലാസ്സുകള്‍ സ്ഥാപിക്കും. പിന്നെ ആരോടും അല്‍പവും അനീതി കാണിക്കുകയില്ല. കര്‍മം ഒരു കടുകുമണിത്തൂക്കമായാല്‍ പോലും നാമത് വിലയിരുത്തും. കണക്കുനോക്കാന്‍ നാം തന്നെ മതി
Surah Al-Anbiya, Verse 47


وَلَقَدۡ ءَاتَيۡنَا مُوسَىٰ وَهَٰرُونَ ٱلۡفُرۡقَانَ وَضِيَآءٗ وَذِكۡرٗا لِّلۡمُتَّقِينَ

മൂസാക്കും ഹാറൂന്നും നാം ശരി തെറ്റുകള്‍ വേര്‍തിരിച്ചുകാണിക്കുന്ന പ്രമാണം നല്‍കി. പ്രകാശവും ദൈവഭക്തര്‍ക്കുള്ള ഉദ്ബോധനവും സമ്മാനിച്ചു
Surah Al-Anbiya, Verse 48


ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَهُم مِّنَ ٱلسَّاعَةِ مُشۡفِقُونَ

അവര്‍ തങ്ങളുടെ നാഥനെ കാണാതെ തന്നെ അവനെ ഭയപ്പെടുന്നവരാണ്. അന്ത്യനാളിനെ പേടിയോടെ ഓര്‍ക്കുന്നവരും
Surah Al-Anbiya, Verse 49


وَهَٰذَا ذِكۡرٞ مُّبَارَكٌ أَنزَلۡنَٰهُۚ أَفَأَنتُمۡ لَهُۥ مُنكِرُونَ

നാം ഇറക്കിത്തന്ന അനുഗൃഹീതമായ ഉദ്ബോധനമാണ് ഈ ഖുര്‍ആന്‍. എന്നിട്ടും നിങ്ങളിതിനെ തള്ളിക്കളയുകയോ
Surah Al-Anbiya, Verse 50


۞وَلَقَدۡ ءَاتَيۡنَآ إِبۡرَٰهِيمَ رُشۡدَهُۥ مِن قَبۡلُ وَكُنَّا بِهِۦ عَٰلِمِينَ

നേരത്തെ നാം ഇബ്റാഹീമിന് തന്റേതായ വിവേകം നല്‍കിയിരുന്നു. നമുക്കദ്ദേഹത്തെ നന്നായറിയാമായിരുന്നു
Surah Al-Anbiya, Verse 51


إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا هَٰذِهِ ٱلتَّمَاثِيلُ ٱلَّتِيٓ أَنتُمۡ لَهَا عَٰكِفُونَ

അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ചതോര്‍ക്കുക: "നിങ്ങള്‍ പൂജിക്കുന്ന ഈ പ്രതിഷ്ഠകള്‍ എന്താണ്?”
Surah Al-Anbiya, Verse 52


قَالُواْ وَجَدۡنَآ ءَابَآءَنَا لَهَا عَٰبِدِينَ

അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാക്കള്‍ ഇവയെ പൂജിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.”
Surah Al-Anbiya, Verse 53


قَالَ لَقَدۡ كُنتُمۡ أَنتُمۡ وَءَابَآؤُكُمۡ فِي ضَلَٰلٖ مُّبِينٖ

അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലാണ്.”
Surah Al-Anbiya, Verse 54


قَالُوٓاْ أَجِئۡتَنَا بِٱلۡحَقِّ أَمۡ أَنتَ مِنَ ٱللَّـٰعِبِينَ

അവര്‍ ചോദിച്ചു: "അല്ല; നീ കാര്യമായിത്തന്നെയാണോ ഞങ്ങളോടിപ്പറയുന്നത്; അതോ കളിതമാശ പറയുകയോ?”
Surah Al-Anbiya, Verse 55


قَالَ بَل رَّبُّكُمۡ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلَّذِي فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّـٰهِدِينَ

അദ്ദേഹം പറഞ്ഞു: "അല്ല, യഥാര്‍ഥത്തില്‍ നിങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഇതു സത്യംതന്നെ എന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ സാക്ഷ്യം വഹിക്കുന്നു
Surah Al-Anbiya, Verse 56


وَتَٱللَّهِ لَأَكِيدَنَّ أَصۡنَٰمَكُم بَعۡدَ أَن تُوَلُّواْ مُدۡبِرِينَ

അല്ലാഹു തന്നെ സത്യം! നിങ്ങള്‍ പിരിഞ്ഞുപോയശേഷം നിങ്ങളുടെ ഈ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഞാനൊരു തന്ത്രം പ്രയോഗിക്കും.”
Surah Al-Anbiya, Verse 57


فَجَعَلَهُمۡ جُذَٰذًا إِلَّا كَبِيرٗا لَّهُمۡ لَعَلَّهُمۡ إِلَيۡهِ يَرۡجِعُونَ

അദ്ദേഹം അവയെ തുണ്ടം തുണ്ടമാക്കി. വലിയ ഒന്നിനെയൊഴികെ. ഒരുവേള അവര്‍ സത്യത്തിലേക്ക് തിരിച്ചുവന്നെങ്കിലോ
Surah Al-Anbiya, Verse 58


قَالُواْ مَن فَعَلَ هَٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّـٰلِمِينَ

അവര്‍ ചോദിച്ചു: "നമ്മളുടെ ദൈവങ്ങളോട് ഇവ്വിധം ചെയ്തവനാര്? ആരായാലും അവന്‍ അക്രമി തന്നെ.”
Surah Al-Anbiya, Verse 59


قَالُواْ سَمِعۡنَا فَتٗى يَذۡكُرُهُمۡ يُقَالُ لَهُۥٓ إِبۡرَٰهِيمُ

ചിലര്‍ പറഞ്ഞു: "ഇബ്റാഹീം എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി സംസാരിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.”
Surah Al-Anbiya, Verse 60


قَالُواْ فَأۡتُواْ بِهِۦ عَلَىٰٓ أَعۡيُنِ ٱلنَّاسِ لَعَلَّهُمۡ يَشۡهَدُونَ

അവര്‍ പറഞ്ഞു: "എങ്കില്‍ നിങ്ങളവനെ ജനങ്ങളുടെ കണ്‍മുന്നില്‍ കൊണ്ടുവരിക. അവര്‍ സാക്ഷി പറയട്ടെ.”
Surah Al-Anbiya, Verse 61


قَالُوٓاْ ءَأَنتَ فَعَلۡتَ هَٰذَا بِـَٔالِهَتِنَا يَـٰٓإِبۡرَٰهِيمُ

അവര്‍ ചോദിച്ചു: "ഇബ്റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെ ഇവ്വിധം ചെയ്തത്?”
Surah Al-Anbiya, Verse 62


قَالَ بَلۡ فَعَلَهُۥ كَبِيرُهُمۡ هَٰذَا فَسۡـَٔلُوهُمۡ إِن كَانُواْ يَنطِقُونَ

അദ്ദേഹം പറഞ്ഞു: "അല്ല; ആ ദൈവങ്ങളിലെ ഈ വലിയവനാണിതു ചെയ്തത്. നിങ്ങളവരോടു ചോദിച്ചു നോക്കൂ; അവര്‍ സംസാരിക്കുമെങ്കില്‍
Surah Al-Anbiya, Verse 63


فَرَجَعُوٓاْ إِلَىٰٓ أَنفُسِهِمۡ فَقَالُوٓاْ إِنَّكُمۡ أَنتُمُ ٱلظَّـٰلِمُونَ

അപ്പോള്‍ അവര്‍ തങ്ങളുടെ ബോധതലത്തിലേക്കൊന്നു തിരിഞ്ഞു. അങ്ങനെ അവരന്യോന്യം പറഞ്ഞു: "നിങ്ങള്‍ തന്നെയാണ് അതിക്രമികള്‍.”
Surah Al-Anbiya, Verse 64


ثُمَّ نُكِسُواْ عَلَىٰ رُءُوسِهِمۡ لَقَدۡ عَلِمۡتَ مَا هَـٰٓؤُلَآءِ يَنطِقُونَ

പിന്നെയവര്‍ തല തിരിഞ്ഞു. അവര്‍ പറഞ്ഞു: "ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ.”
Surah Al-Anbiya, Verse 65


قَالَ أَفَتَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمۡ شَيۡـٔٗا وَلَا يَضُرُّكُمۡ

അപ്പോള്‍ നിങ്ങള്‍ അല്ലാഹുവെക്കൂടാതെ പൂജിക്കുന്നത് നിങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെയാണോ
Surah Al-Anbiya, Verse 66


أُفّٖ لَّكُمۡ وَلِمَا تَعۡبُدُونَ مِن دُونِ ٱللَّهِۚ أَفَلَا تَعۡقِلُونَ

നിങ്ങളുടെയും, അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പൂജിക്കുന്നവയുടെയും കാര്യം അത്യന്തം അപമാനകരം തന്നെ. നിങ്ങളൊട്ടും ചിന്തിക്കുന്നില്ലേ?”
Surah Al-Anbiya, Verse 67


قَالُواْ حَرِّقُوهُ وَٱنصُرُوٓاْ ءَالِهَتَكُمۡ إِن كُنتُمۡ فَٰعِلِينَ

അവര്‍ പറഞ്ഞു: "നിങ്ങളിവനെ ചുട്ടെരിക്കുക. അങ്ങനെ നിങ്ങളുടെ ദൈവങ്ങളെ തുണക്കുക. നിങ്ങള്‍ വല്ലതും ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ അതാണ് വേണ്ടത്.”
Surah Al-Anbiya, Verse 68


قُلۡنَا يَٰنَارُ كُونِي بَرۡدٗا وَسَلَٰمًا عَلَىٰٓ إِبۡرَٰهِيمَ

നാം പറഞ്ഞു: "തീയേ, തണുക്കൂ; ഇബ്റാഹീമിന് രക്ഷാകവചമാകൂ.”
Surah Al-Anbiya, Verse 69


وَأَرَادُواْ بِهِۦ كَيۡدٗا فَجَعَلۡنَٰهُمُ ٱلۡأَخۡسَرِينَ

അദ്ദേഹത്തിനെതിരെ അവര്‍ തന്ത്രമൊരുക്കി. എന്നാല്‍ നാമവരെ എല്ലാം നഷ്ടപ്പെട്ടവരാക്കി
Surah Al-Anbiya, Verse 70


وَنَجَّيۡنَٰهُ وَلُوطًا إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَا لِلۡعَٰلَمِينَ

മുഴുലോകര്‍ക്കും നാം അനുഗ്രഹങ്ങള്‍ ഒരുക്കിവെച്ച നാട്ടിലേക്ക് അദ്ദേഹത്തെയും ലൂത്വിനെയും രക്ഷപ്പെടുത്തി
Surah Al-Anbiya, Verse 71


وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَ نَافِلَةٗۖ وَكُلّٗا جَعَلۡنَا صَٰلِحِينَ

അദ്ദേഹത്തിനു നാം ഇസ്ഹാഖിനെ സമ്മാനിച്ചു. അതിനു പുറമെ യഅ്ഖൂബിനെയും. അവരെയൊക്കെ നാം സച്ചരിതരാക്കുകയും ചെയ്തു
Surah Al-Anbiya, Verse 72


وَجَعَلۡنَٰهُمۡ أَئِمَّةٗ يَهۡدُونَ بِأَمۡرِنَا وَأَوۡحَيۡنَآ إِلَيۡهِمۡ فِعۡلَ ٱلۡخَيۡرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِۖ وَكَانُواْ لَنَا عَٰبِدِينَ

അവരെ നാം നമ്മുടെ നിര്‍ദേശാനുസരണം നേര്‍വഴി കാണിച്ചുകൊടുക്കുന്ന നേതാക്കന്മാരാക്കി. നാമവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാനും സകാത്ത് നല്‍കാനും നിര്‍ദേശം നല്‍കി. അവരൊക്കെ നമുക്ക് വഴിപ്പെട്ട് ജീവിക്കുന്നവരായിരുന്നു
Surah Al-Anbiya, Verse 73


وَلُوطًا ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗا وَنَجَّيۡنَٰهُ مِنَ ٱلۡقَرۡيَةِ ٱلَّتِي كَانَت تَّعۡمَلُ ٱلۡخَبَـٰٓئِثَۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَٰسِقِينَ

ലൂത്വിനു നാം തത്ത്വബോധവും അറിവും നല്‍കി. ആഭാസം നടന്നിരുന്ന നാട്ടില്‍ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി. അന്നാട്ടുകാര്‍ ദുഷിച്ച തെമ്മാടികളായ ജനമായിരുന്നു
Surah Al-Anbiya, Verse 74


وَأَدۡخَلۡنَٰهُ فِي رَحۡمَتِنَآۖ إِنَّهُۥ مِنَ ٱلصَّـٰلِحِينَ

ലൂത്വിനെ നാം നമ്മുടെ കാരുണ്യവലയത്തിലുള്‍പ്പെടുത്തി. തീര്‍ച്ച; അദ്ദേഹം സച്ചരിതനായിരുന്നു
Surah Al-Anbiya, Verse 75


وَنُوحًا إِذۡ نَادَىٰ مِن قَبۡلُ فَٱسۡتَجَبۡنَا لَهُۥ فَنَجَّيۡنَٰهُ وَأَهۡلَهُۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ

നൂഹിന്റെ കാര്യവും ഓര്‍ക്കുക: ഇവര്‍ക്കെല്ലാം മുമ്പെ അദ്ദേഹം നമ്മെ വിളിച്ചുപ്രാര്‍ഥിച്ച കാര്യം. അങ്ങനെ നാം അദ്ദേഹത്തിന്ഉത്തരം നല്‍കി. അദ്ദേഹത്തെയും കുടുംബത്തെയും കൊടുംദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്തി
Surah Al-Anbiya, Verse 76


وَنَصَرۡنَٰهُ مِنَ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَأَغۡرَقۡنَٰهُمۡ أَجۡمَعِينَ

നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞ ജനത്തിനെതിരെ നാം അദ്ദേഹത്തെ തുണച്ചു. തീര്‍ച്ചയായും അവര്‍ പറ്റെ ദുഷിച്ച ജനതയായിരുന്നു. അതിനാല്‍ അവരെ ഒന്നടങ്കം നാം മുക്കിയൊടുക്കി
Surah Al-Anbiya, Verse 77


وَدَاوُۥدَ وَسُلَيۡمَٰنَ إِذۡ يَحۡكُمَانِ فِي ٱلۡحَرۡثِ إِذۡ نَفَشَتۡ فِيهِ غَنَمُ ٱلۡقَوۡمِ وَكُنَّا لِحُكۡمِهِمۡ شَٰهِدِينَ

ദാവൂദിന്റെയും സുലൈമാന്റെയും കാര്യം ഓര്‍ക്കുക: അവരിരുവരും ഒരു കൃഷിയിടത്തിന്റെ പ്രശ്നത്തില്‍ തീര്‍പ്പുകല്‍പിച്ച കാര്യം. ഒരു കൂട്ടരുടെ ആടുകള്‍ കൃഷിയിടത്തില്‍ കടന്നു വിള തിന്നു. അവരുടെ വിധിക്കു നാം സാക്ഷിയായിരുന്നു
Surah Al-Anbiya, Verse 78


فَفَهَّمۡنَٰهَا سُلَيۡمَٰنَۚ وَكُلًّا ءَاتَيۡنَا حُكۡمٗا وَعِلۡمٗاۚ وَسَخَّرۡنَا مَعَ دَاوُۥدَ ٱلۡجِبَالَ يُسَبِّحۡنَ وَٱلطَّيۡرَۚ وَكُنَّا فَٰعِلِينَ

അന്നേരം സുലൈമാന്ന് നാം കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിക്കൊടുത്തു. അവരിരുവര്‍ക്കും നാം തത്ത്വബോധവും അറിവും നല്‍കി. ദാവൂദിനോടൊപ്പം, ദൈവത്തെ കീര്‍ത്തനം ചെയ്യുന്ന പര്‍വതങ്ങളെയും പറവകളെയും നാം അധീനപ്പെടുത്തിക്കൊടുത്തു. നാമാണിതൊക്കെ ചെയ്തുകൊണ്ടിരുന്നത്
Surah Al-Anbiya, Verse 79


وَعَلَّمۡنَٰهُ صَنۡعَةَ لَبُوسٖ لَّكُمۡ لِتُحۡصِنَكُم مِّنۢ بَأۡسِكُمۡۖ فَهَلۡ أَنتُمۡ شَٰكِرُونَ

നിങ്ങള്‍ക്കുവേണ്ടി നാം അദ്ദേഹത്തിന് പടയങ്കിനിര്‍മാണം പഠിപ്പിച്ചുകൊടുത്തു. നിങ്ങളെ യുദ്ധവിപത്തുകളില്‍നിന്ന് രക്ഷിക്കാനാണത്. എന്നിട്ട് നിങ്ങള്‍ നന്ദിയുള്ളവരാണോ
Surah Al-Anbiya, Verse 80


وَلِسُلَيۡمَٰنَ ٱلرِّيحَ عَاصِفَةٗ تَجۡرِي بِأَمۡرِهِۦٓ إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَاۚ وَكُنَّا بِكُلِّ شَيۡءٍ عَٰلِمِينَ

സുലൈമാന്ന് നാം ആഞ്ഞുവീശുന്ന കാറ്റിനെയും അധീനപ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്‍പന പ്രകാരം, നാം അനുഗ്രഹങ്ങളൊരുക്കിവെച്ച നാട്ടിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാ കാര്യത്തെപ്പറ്റിയും നന്നായറിയുന്നവനാണ് നാം
Surah Al-Anbiya, Verse 81


وَمِنَ ٱلشَّيَٰطِينِ مَن يَغُوصُونَ لَهُۥ وَيَعۡمَلُونَ عَمَلٗا دُونَ ذَٰلِكَۖ وَكُنَّا لَهُمۡ حَٰفِظِينَ

പിശാചുക്കളില്‍നിന്ന് ചിലരെയും നാം അദ്ദേഹത്തിനു കീഴ്പെടുത്തിക്കൊടുത്തു. അവര്‍ അദ്ദേഹത്തിനുവേണ്ടി വെള്ളത്തില്‍മുങ്ങുമായിരുന്നു. കൂടാതെ മറ്റു പല ജോലികളും ചെയ്യുന്നവരുമായിരുന്നു. നാമാണവര്‍ക്ക് മേല്‍നോട്ടംവഹിച്ചിരുന്നത്
Surah Al-Anbiya, Verse 82


۞وَأَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلضُّرُّ وَأَنتَ أَرۡحَمُ ٱلرَّـٰحِمِينَ

അയ്യൂബ് തന്റെ നാഥനെ വിളിച്ച് പ്രാര്‍ഥിച്ച കാര്യം ഓര്‍ക്കുക: "എന്നെ ദുരിതം ബാധിച്ചിരിക്കുന്നു. നീ കരുണയുള്ളവരിലേറ്റവും കരുണയുള്ളവനാണല്ലോ.”
Surah Al-Anbiya, Verse 83


فَٱسۡتَجَبۡنَا لَهُۥ فَكَشَفۡنَا مَا بِهِۦ مِن ضُرّٖۖ وَءَاتَيۡنَٰهُ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنۡ عِندِنَا وَذِكۡرَىٰ لِلۡعَٰبِدِينَ

അപ്പോള്‍ അദ്ദേഹത്തിനു നാം ഉത്തരമേകി. അദ്ദേഹത്തിനുണ്ടായിരുന്ന ദുരിതം ദൂരീകരിച്ചുകൊടുത്തു. അദ്ദേഹത്തിനു നാം തന്റെ കുടുംബത്തെ നല്‍കി. അവരോടൊപ്പം അത്രയും പേരെ വേറെയും കൊടുത്തു. നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹമായാണത്. ആരാധനയില്‍ മുഴുകുന്നവര്‍ക്ക് ഒരോര്‍മപ്പെടുത്തലും
Surah Al-Anbiya, Verse 84


وَإِسۡمَٰعِيلَ وَإِدۡرِيسَ وَذَا ٱلۡكِفۡلِۖ كُلّٞ مِّنَ ٱلصَّـٰبِرِينَ

ഇസ്മാഈലിന്റെയും ഇദ്രീസിന്റെയും ദുല്‍കിഫ്ലിന്റെയും കാര്യവും ഓര്‍ക്കുക. അവരൊക്കെ ഏറെ ക്ഷമാലുക്കളായിരുന്നു
Surah Al-Anbiya, Verse 85


وَأَدۡخَلۡنَٰهُمۡ فِي رَحۡمَتِنَآۖ إِنَّهُم مِّنَ ٱلصَّـٰلِحِينَ

അവരെയെല്ലാം നാം നമ്മുടെ അനുഗ്രഹത്തിലുള്‍പ്പെടുത്തി. അവരെല്ലാവരും സച്ചരിതരായിരുന്നു
Surah Al-Anbiya, Verse 86


وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبٗا فَظَنَّ أَن لَّن نَّقۡدِرَ عَلَيۡهِ فَنَادَىٰ فِي ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبۡحَٰنَكَ إِنِّي كُنتُ مِنَ ٱلظَّـٰلِمِينَ

ദുന്നൂന്‍ കുപിതനായി പോയ കാര്യം ഓര്‍ക്കുക: നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. അതിനാല്‍ കൂരിരുളുകളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: "നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്‍! സംശയമില്ല; ഞാന്‍ അതിക്രമിയായിരിക്കുന്നു.”
Surah Al-Anbiya, Verse 87


فَٱسۡتَجَبۡنَا لَهُۥ وَنَجَّيۡنَٰهُ مِنَ ٱلۡغَمِّۚ وَكَذَٰلِكَ نُـۨجِي ٱلۡمُؤۡمِنِينَ

അന്നേരം നാം അദ്ദേഹത്തിന് ഉത്തരമേകി. അദ്ദേഹത്തെ ദുഃഖത്തില്‍നിന്നു മോചിപ്പിച്ചു. ഇവ്വിധം നാം സത്യവിശ്വാസികളെ രക്ഷപ്പെടുത്തുന്നു
Surah Al-Anbiya, Verse 88


وَزَكَرِيَّآ إِذۡ نَادَىٰ رَبَّهُۥ رَبِّ لَا تَذَرۡنِي فَرۡدٗا وَأَنتَ خَيۡرُ ٱلۡوَٰرِثِينَ

സകരിയ്യാ തന്റെ നാഥനെ വിളിച്ചുപ്രാര്‍ഥിച്ച കാര്യം ഓര്‍ക്കുക: "എന്റെ നാഥാ, നീയെന്നെ ഒറ്റയാനായി വിടരുതേ. നീയാണല്ലോ അനന്തരമെടുക്കുന്നവരില്‍ അത്യുത്തമന്‍.”
Surah Al-Anbiya, Verse 89


فَٱسۡتَجَبۡنَا لَهُۥ وَوَهَبۡنَا لَهُۥ يَحۡيَىٰ وَأَصۡلَحۡنَا لَهُۥ زَوۡجَهُۥٓۚ إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ

അപ്പോള്‍ നാം അദ്ദേഹത്തിനുത്തരം നല്‍കി. യഹ്യായെ സമ്മാനമായി കൊടുത്തു. അദ്ദേഹത്തിന്റെ പത്നിയെ നാമതിന് പ്രാപ്തയാക്കി. തീര്‍ച്ചയായും അവര്‍ നല്ല കാര്യങ്ങളില്‍ ആവേശം കാണിക്കുന്നവരായിരുന്നു. പേടിയോടെയും പ്രതീക്ഷയോടെയും നമ്മോട് പ്രാര്‍ഥിക്കുന്നവരും താഴ്മ കാണിക്കുന്നവരുമായിരുന്നു
Surah Al-Anbiya, Verse 90


وَٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهَا مِن رُّوحِنَا وَجَعَلۡنَٰهَا وَٱبۡنَهَآ ءَايَةٗ لِّلۡعَٰلَمِينَ

തന്റെ പാതിവ്രത്യം സൂക്ഷിച്ചവളുടെ കാര്യം ഓര്‍ക്കുക: അങ്ങനെ നാമവളില്‍ നമ്മുടെ ആത്മാവില്‍നിന്ന് ഊതി. അവളെയും അവളുടെ മകനെയും ലോകര്‍ക്ക് തെളിഞ്ഞ അടയാളമാക്കുകയും ചെയ്തു
Surah Al-Anbiya, Verse 91


إِنَّ هَٰذِهِۦٓ أُمَّتُكُمۡ أُمَّةٗ وَٰحِدَةٗ وَأَنَا۠ رَبُّكُمۡ فَٱعۡبُدُونِ

നിങ്ങളുടെ ഈ സമുദായം സത്യത്തില്‍ ഒരൊറ്റ സമുദായമാണ്. ഞാന്‍ നിങ്ങളുടെ നാഥനും. അതിനാല്‍ നിങ്ങളെനിക്കു മാത്രം വഴിപ്പെടുക
Surah Al-Anbiya, Verse 92


وَتَقَطَّعُوٓاْ أَمۡرَهُم بَيۡنَهُمۡۖ كُلٌّ إِلَيۡنَا رَٰجِعُونَ

എന്നാല്‍ അവര്‍ തങ്ങളുടെ മതകാര്യത്തില്‍ നിരവധി ചേരികളായി. അറിയുക: എല്ലാവരും നമ്മിലേക്ക് തിരിച്ചുവരേണ്ടവരാണ്
Surah Al-Anbiya, Verse 93


فَمَن يَعۡمَلۡ مِنَ ٱلصَّـٰلِحَٰتِ وَهُوَ مُؤۡمِنٞ فَلَا كُفۡرَانَ لِسَعۡيِهِۦ وَإِنَّا لَهُۥ كَٰتِبُونَ

സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്റെ കര്‍മഫലം പാഴാവുകയില്ല. ഉറപ്പായും നാമത് രേഖപ്പെടുത്തുന്നുണ്ട്
Surah Al-Anbiya, Verse 94


وَحَرَٰمٌ عَلَىٰ قَرۡيَةٍ أَهۡلَكۡنَٰهَآ أَنَّهُمۡ لَا يَرۡجِعُونَ

നാമൊരു നാടിനെ നശിപ്പിച്ചാല്‍ അവര്‍ പിന്നെയൊരിക്കലും അവിടേക്ക് തിരിച്ചുവരില്ല
Surah Al-Anbiya, Verse 95


حَتَّىٰٓ إِذَا فُتِحَتۡ يَأۡجُوجُ وَمَأۡجُوجُ وَهُم مِّن كُلِّ حَدَبٖ يَنسِلُونَ

യഅ്ജൂജ്- മഅ്ജൂജ് ജനവിഭാഗങ്ങള്‍ക്ക് ഒരു വഴി തുറന്നുകിട്ടുംവരെ; അങ്ങനെ അവര്‍ എല്ലാ കുന്നിന്‍പുറങ്ങളില്‍നിന്നും കുതിച്ചിറങ്ങി വരും വരെയും
Surah Al-Anbiya, Verse 96


وَٱقۡتَرَبَ ٱلۡوَعۡدُ ٱلۡحَقُّ فَإِذَا هِيَ شَٰخِصَةٌ أَبۡصَٰرُ ٱلَّذِينَ كَفَرُواْ يَٰوَيۡلَنَا قَدۡ كُنَّا فِي غَفۡلَةٖ مِّنۡ هَٰذَا بَلۡ كُنَّا ظَٰلِمِينَ

ആ സത്യവാഗ്ദാനം അടുത്തു വരുന്നതു വരെയും. അപ്പോള്‍ സത്യനിഷേധികളുടെ കണ്ണുകള്‍ തുറിച്ചുനില്‍ക്കും. അവരിങ്ങനെ വിലപിക്കും. "ഞങ്ങളുടെ ഭാഗ്യദോഷം. ഞങ്ങള്‍ ഇതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധരായിരുന്നു. ഞങ്ങള്‍ അതിക്രമികളായിപ്പോയല്ലോ.”
Surah Al-Anbiya, Verse 97


إِنَّكُمۡ وَمَا تَعۡبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمۡ لَهَا وَٰرِدُونَ

തീര്‍ച്ചയായും നിങ്ങളും അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പൂജിക്കുന്നവരും നരകത്തീയിലെ വിറകാണ്. നിങ്ങളെല്ലാം അവിടെ എത്തിച്ചേരുക തന്നെ ചെയ്യും
Surah Al-Anbiya, Verse 98


لَوۡ كَانَ هَـٰٓؤُلَآءِ ءَالِهَةٗ مَّا وَرَدُوهَاۖ وَكُلّٞ فِيهَا خَٰلِدُونَ

യഥാര്‍ഥത്തില്‍ അവര്‍ ദൈവങ്ങളായിരുന്നെങ്കില്‍ ഈ നരകത്തീയില്‍ വന്നെത്തുമായിരുന്നില്ല. എന്നാല്‍ ഓര്‍ക്കുക: അവരെല്ലാം അവിടെ നിത്യവാസികളായിരിക്കും
Surah Al-Anbiya, Verse 99


لَهُمۡ فِيهَا زَفِيرٞ وَهُمۡ فِيهَا لَا يَسۡمَعُونَ

അവര്‍ക്കവിടെ നെടുനിശ്വാസമാണുണ്ടാവുക. അതല്ലാതൊന്നും കേള്‍ക്കാനാവില്ല
Surah Al-Anbiya, Verse 100


إِنَّ ٱلَّذِينَ سَبَقَتۡ لَهُم مِّنَّا ٱلۡحُسۡنَىٰٓ أُوْلَـٰٓئِكَ عَنۡهَا مُبۡعَدُونَ

എന്നാല്‍ നേരത്തെ തന്നെ നമ്മില്‍ നിന്ന് നന്മ ലഭിച്ചവര്‍ അതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടും
Surah Al-Anbiya, Verse 101


لَا يَسۡمَعُونَ حَسِيسَهَاۖ وَهُمۡ فِي مَا ٱشۡتَهَتۡ أَنفُسُهُمۡ خَٰلِدُونَ

അവരതിന്റെ നേരിയ ശബ്ദംപോലും കേള്‍ക്കുകയില്ല. അവര്‍ എന്നെന്നും തങ്ങളുടെ മനസ്സിഷ്ടപ്പെടുന്ന സുഖാസ്വാദ്യതകളിലായിരിക്കും
Surah Al-Anbiya, Verse 102


لَا يَحۡزُنُهُمُ ٱلۡفَزَعُ ٱلۡأَكۡبَرُ وَتَتَلَقَّىٰهُمُ ٱلۡمَلَـٰٓئِكَةُ هَٰذَا يَوۡمُكُمُ ٱلَّذِي كُنتُمۡ تُوعَدُونَ

ആ മഹാ സംഭ്രമം അവരെ ഒട്ടും ആകുലരാക്കുകയില്ല. മലക്കുകള്‍ അവരെ സ്വീകരിച്ച് എതിരേല്‍ക്കും. മലക്കുകള്‍ അവര്‍ക്കിങ്ങനെ സ്വാഗതമോതുകയും ചെയ്യും:"നിങ്ങളോടു വാഗ്ദാനം ചെയ്ത ആ മോഹന ദിനമാണിത്.”
Surah Al-Anbiya, Verse 103


يَوۡمَ نَطۡوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلۡكُتُبِۚ كَمَا بَدَأۡنَآ أَوَّلَ خَلۡقٖ نُّعِيدُهُۥۚ وَعۡدًا عَلَيۡنَآۚ إِنَّا كُنَّا فَٰعِلِينَ

പുസ്തകത്താളുകള്‍ ചുരുട്ടുംപോലെ ആകാശത്തെ നാം ചുരുട്ടിക്കൂട്ടുന്ന ദിനമാണത്. നാം സൃഷ്ടി ആദ്യമാരംഭിച്ചപോലെ തന്നെ അതാവര്‍ത്തിക്കും. വാഗ്ദാനം വഴി ഇത് നമ്മുടെ ബാധ്യതയായിരിക്കുന്നു. നാമത് നടപ്പാക്കുകതന്നെ ചെയ്യും
Surah Al-Anbiya, Verse 104


وَلَقَدۡ كَتَبۡنَا فِي ٱلزَّبُورِ مِنۢ بَعۡدِ ٱلذِّكۡرِ أَنَّ ٱلۡأَرۡضَ يَرِثُهَا عِبَادِيَ ٱلصَّـٰلِحُونَ

സബൂറില്‍ ഉദ്ബോധനത്തിനുശേഷം നാമിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: "ഭൂമിയുടെ പിന്തുടര്‍ച്ചാവകാശം സച്ചരിതരായ എന്റെ ദാസന്മാര്‍ക്കായിരിക്കും.”
Surah Al-Anbiya, Verse 105


إِنَّ فِي هَٰذَا لَبَلَٰغٗا لِّقَوۡمٍ عَٰبِدِينَ

തീര്‍ച്ചയായും ഇതില്‍ അല്ലാഹുവെ വഴിപ്പെടുന്ന ജനത്തിന് മഹത്തായ സന്ദേശമുണ്ട്
Surah Al-Anbiya, Verse 106


وَمَآ أَرۡسَلۡنَٰكَ إِلَّا رَحۡمَةٗ لِّلۡعَٰلَمِينَ

ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല
Surah Al-Anbiya, Verse 107


قُلۡ إِنَّمَا يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَهَلۡ أَنتُم مُّسۡلِمُونَ

പറയുക: എനിക്കു ബോധനമായി കിട്ടിയതിതാണ്: നിങ്ങളുടെ ദൈവം ഏകനായ അല്ലാഹു മാത്രമാണ്. എന്നിട്ടും നിങ്ങള്‍ മുസ്ലിംകളാവുന്നില്ലേ
Surah Al-Anbiya, Verse 108


فَإِن تَوَلَّوۡاْ فَقُلۡ ءَاذَنتُكُمۡ عَلَىٰ سَوَآءٖۖ وَإِنۡ أَدۡرِيٓ أَقَرِيبٌ أَم بَعِيدٞ مَّا تُوعَدُونَ

ഇനിയും അവര്‍ പിന്തിരിയുകയാണെങ്കില്‍ പറയുക: "ഞാന്‍ നിങ്ങള്‍ക്കെല്ലാം ഒരേപോലെ അറിയിപ്പ് നല്‍കിക്കഴിഞ്ഞു. നിങ്ങളോട് വാഗ്ദാനം ചെയ്യുന്ന കാര്യം അടുത്തോ അകലെയോ എന്നെനിക്കറിയുകയില്ല
Surah Al-Anbiya, Verse 109


إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ مِنَ ٱلۡقَوۡلِ وَيَعۡلَمُ مَا تَكۡتُمُونَ

എന്നാല്‍ നിങ്ങള്‍ ഉറക്കെ പറയുന്നതും മറച്ചുവെക്കുന്നതും തീര്‍ച്ചയായും അല്ലാഹു അറിയും
Surah Al-Anbiya, Verse 110


وَإِنۡ أَدۡرِي لَعَلَّهُۥ فِتۡنَةٞ لَّكُمۡ وَمَتَٰعٌ إِلَىٰ حِينٖ

എനിക്കറിഞ്ഞുകൂടാ, ഒരു വേള ഇത് നിങ്ങള്‍ക്കൊരു പരീക്ഷണമായേക്കാം; ഒരു നിശ്ചിതകാലം വരെ നിങ്ങള്‍ക്ക് സുഖാസ്വാദനത്തിനുള്ള അവസരം നല്‍കിയതുമാവാം.”
Surah Al-Anbiya, Verse 111


قَٰلَ رَبِّ ٱحۡكُم بِٱلۡحَقِّۗ وَرَبُّنَا ٱلرَّحۡمَٰنُ ٱلۡمُسۡتَعَانُ عَلَىٰ مَا تَصِفُونَ

പ്രവാചകന്‍ പറഞ്ഞു: "എന്റെ നാഥാ; നീ സത്യംപോലെ വിധി കല്‍പിക്കുക. ഞങ്ങളുടെ നാഥന്‍ പരമകാരുണികനാണ്. നിങ്ങള്‍ പറഞ്ഞുപരത്തുന്നതിനെതിരെ ഞങ്ങള്‍ക്ക് സഹായത്തിന് ആശ്രയിക്കാവുന്നവനും.”
Surah Al-Anbiya, Verse 112


Author: Muhammad Karakunnu And Vanidas Elayavoor


<< Surah 20
>> Surah 22

Malayalam Translations by other Authors


Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Popular Areas
Apartments for rent in Dubai Apartments for rent Abu Dhabi Villas for rent in Dubai House for rent Abu Dhabi Apartments for sale in Dubai Apartments for sale in Abu Dhabi Flat for rent Sharjah
Popular Searches
Studios for rent in UAE Apartments for rent in UAE Villas for rent in UAE Apartments for sale in UAE Villas for sale in UAE Land for sale in UAE Dubai Real Estate
Trending Areas
Apartments for rent in Dubai Marina Apartments for sale in Dubai Marina Villa for rent in Sharjah Villa for sale in Dubai Flat for rent in Ajman Studio for rent in Abu Dhabi Villa for rent in Ajman
Trending Searches
Villa for rent in Abu Dhabi Shop for rent in Dubai Villas for sale in Ajman Studio for rent in Sharjah 1 Bedroom Apartment for rent in Dubai Property for rent in Abu Dhabi Commercial properties for sale
© Copyright Dubai Prayer Time. All Rights Reserved
Designed by Prayer Time In Dubai